എൻ്റെ ചങ്ങായീ.....
നിന്നോട് ഞാൻ കൂട്ട് വെട്ടി
നീ ഒന്നോർക്കണമായിരുന്നു,
നീ വന്നു വിളിക്കുമ്പൊഴേ
ഒരെതിർപ്പുമില്ലാതെ
ഞാൻ ഇറങ്ങി വരുന്നുണ്ടെന്ന്.
നീ പോകണമെന്ന് പറഞ്ഞിടത്തൊക്കെ
ഞാൻ കൂടെ വരുന്നുണ്ടെന്ന്.
ആരുമറിയാതുള്ള നിൻ്റെ രാത്രിയാത്രകൾക്ക്
കൂട്ടുവരാൻ
ഞാനല്ലാതെ മറ്റാരുമില്ല എന്ന്.
എന്നിട്ടും എപ്പോഴും
പാതിവഴിയിൽ
എന്നെ ഒറ്റക്കാക്കി നീ എങ്ങോ പോകുന്നു.
ഇന്നലെ ഒരു സമ്മാനം തരാമെന്നു പറഞ്ഞ്
നീയെന്നെ കൂടെ കൂട്ടി.
ആരും കാണാത്ത
ആ രഹസ്യപ്പൂന്തോട്ടത്തിൽ
പൂക്കളും വള്ളിപ്പടർപ്പുകളും ചുറ്റിപ്പടർന്ന
ഊഞ്ഞാലിൽ ഒരു മാലാഖയിരിപ്പുണ്ടെന്നും
ആ മാലാഖയുടെ കൂടെ
ഊഞ്ഞാലാട്ടാമെന്നും
നീ എന്നോട് പറഞ്ഞത്
ഞാൻ വിശ്വസിച്ചു.
നീ എൻ്റെ കണ്ണു കെട്ടി.
ഊഞ്ഞാലിലിരുത്തിയാട്ടി.
കാക്കത്തൊള്ളായിരം റോസാപ്പൂക്കൾ
ആ നിമിഷം അവിടെ
ഒന്നിച്ചു വിരിഞ്ഞിട്ടുണ്ടാകണം.
ആ പൂമണത്തിൽ
എന്നോടൊപ്പം
ഊഞ്ഞാലാടിയിരുന്നത്
മാലാഖ തന്നെയാവണം.
കാണാൻ ഞാൻ
കണ്ണുകളുടെ കെട്ടഴിക്കാൻ നോക്കി.
നീയപ്പോൾ എന്നെ
ഊഞ്ഞാലിൽ നിന്നു തള്ളിയിട്ട്
ഓടിക്കളഞ്ഞു.
ഇനി നിന്നെ
അടച്ചതിനകത്തു കയറ്റില്ല എന്ന്
ഞാനപ്പോഴേ തീരുമാനിച്ചു.
കണ്ണുകൾ മുറുക്കിയടച്ചാണ്
ഇന്നു ഞാൻ ഉറങ്ങാൻ കിടന്നത്.
എന്നാലും എനിക്കറിയാം
നീ വരും.
ഉറക്കത്തിൽ അയഞ്ഞുപോയ
കൺപോളകൾക്കുള്ളിലൂടെ
നീ ഉള്ളിൽ കടക്കും.
എത്ര വാശിയിലായാലും
ഞാനവസാനം
നിൻ്റെ കൂടെ വരും.
എനിക്കാ ഊഞ്ഞാലിൽ
ഒന്നുകൂടിയാടണം.
മനസ്സിൻ്റെ നിലവറയ്ക്കുള്ളിലടച്ചുവച്ച
സുഗന്ധക്കുപ്പി തട്ടിത്തുറന്ന്
പുറത്തേക്കൊഴുകുന്ന
ആ പരിമളം
ഒന്നുകൂടി നുകരണം.
ഇനി എന്നെ നീ
ഊഞ്ഞാലിൽ നിന്ന്
തള്ളിയിടരുത്.
ചുവർചിത്രത്തിൽ മാത്രം കണ്ട
അമ്മരൂപത്തിലെ ചിരി
നേരിൽ കാണാൻ
ഞാൻ കണ്ണിലെ കെട്ടഴിക്കില്ല.
സത്യം