Saturday, 17 October 2009

പ്രഭാതം

ഉണരും പുലർക്കാലപ്പൊൻതുടിപ്പിൽ

മഴപെയ്തുതോർന്നോരിളം തണുപ്പിൽ

രാമഴയോടൊത്തു നടനമാടിത്തളർ-

ന്നണിവാകക്കരമാർന്ന ബാഷ്പബിന്ദു,

അതുവഴി പോയൊരാ കുസൃതിച്ചെറുകാറ്റു

തന്നിളം കൈകളാൽ മെല്ലെത്തട്ടി,

അതുവരെയുണരാത്ത മുക്കൂറ്റിപ്പൂവിന്റെ

വദനത്തിൽ കുളിരായി പെയ്തുണർത്തേ...

 

രാവിൻ പടവിൽ കൊളുത്തിയ നക്ഷത്ര-

ദീപങ്ങളെല്ലാമണച്ചു വച്ചു -നിലാ-

പ്പാലാഴിയിലാറാടിയ ചന്ദ്രിക- തന്നീറൻ

ചേലമാറ്റാനന്തപ്പുരത്തിലേറേ..

 

അരുണിമയോലും പൂർവ്വാംബരത്തിൻ വിരി-

മാറിൽ നിന്നുണവാർന്ന വെൺ‌മേഘസുന്ദരി

രാവാകും തൊട്ടിലിൽ താരാട്ടിയുറക്കിയ

ബാ‍ലാർക്കനുണർന്നോയെന്നെത്തി നോക്കേ...

 

ഒരു രാവു മുഴുവനാപ്പവനൻ്റെ കൈകളാൽ

താലോലമാർന്നൊരാ മുല്ലവല്ലി, തന്റെ

ഉൾപ്പുളകത്തിന്റെ പൂമൊട്ടുകൾ, ശതം

പുഷ്പങ്ങളായ് മെയ്യണിഞ്ഞു നിൽക്കേ...

 

ഏഴുമുഴം വെയിൽച്ചേലചുറ്റി, പൊന്നി-

ന്നാമാടപ്പെട്ടി തുറന്നു വച്ച്,

തെളിവാനിൻ കണ്ണാടി തെല്ലു നോക്കി-

യണിഞ്ഞൊരുങ്ങുന്നൂ പ്രഭാതദേവി.


32 comments:

Jayasree Lakshmy Kumar said...

പാട്ടുപുസ്തകത്തിൽ “ചന്ദനമണിവാതിൽ പാതി ചാരി..” എന്ന പാട്ടിനെ കുറിച്ചു ചർച്ച. “ശൃംഗാരചന്ദ്രികേ..നീരാടി നീ നിൽക്കേ“ [“ശൃംഗാരചന്ദ്രികയിൽ നീരാടി നീ നിൽക്കേ“ എന്നാകാം വരികൾ എന്ന എന്റെ ഊഹം പാടേ തെറ്റി ആ ചർച്ച കണ്ടപ്പോൾ :)] എന്ന ഭാഗം ഉൾപ്പെടെയുള്ള പല്ലവിയിലെ അർത്ഥമില്ലായ്മ ചർച്ചക്കു വന്നപ്പോഴാണ് പണ്ടു ഞാനും ഒന്നു ചന്ദ്രികയെ ആറാടിച്ചിട്ടുണ്ടല്ലോ എന്നോർത്തത്. അതു ചുമ്മാ [ഒരു ശോകഭാവത്തിലേക്കു പോകുന്ന രണ്ടാം പകുതി ഒഴിവാക്കി] പോസ്റ്റുന്നു.

പിന്നെ ബ്ലോഗ് എന്നെ മറന്നു പോകാതിരിക്കാനും..

Anil cheleri kumaran said...

അതിമനോഹരമായിട്ടുണ്ട്.

സന്തോഷ്‌ പല്ലശ്ശന said...

ലളിതം മനോഹരം

ദൈവം said...

രാത്രിമഴ പെയ്തു തോർന്ന ഒരിളം തണുപ്പ് :)

Rare Rose said...

ലക്ഷ്മീ.,അണിഞ്ഞൊരുങ്ങി സുന്ദരിയായ പ്രഭാതദേവിയെ ഞാനും കണ്ടു..പാവം ദേവിയെ എന്തിനു വെറുതെ ശോകമൂകയാക്കണം.:)

സജി said...

ഒരു രാവു മുഴുവനാ പവനന്റെ കൈകളാൽ
താലോലമാർന്നൊരാ മുല്ലവല്ലി,

എനിക്കിത്തരം കവിതകളാനിഷ്ടം- അധുനിക കവിതകള്‍ ആസ്വദിക്കാനുള്ള കഴിവു ഇല്ല.




(എന്നാലും, പവനന്‍ ആളുകൊള്ളാമല്ലോ.കാറ്റും, കവിതയുമായതു കൊണ്ടു ചിലപ്പോള്‍ ശരിയായിരിക്കും...)

ജിജ സുബ്രഹ്മണ്യൻ said...

ഏഴുമുഴം വെയിൽ ചേല ചൂറ്റീ
പൊന്നിന്നാമാടപ്പെട്ടി തുറന്നു വച്ച്
തെളിവാനിൻ കണ്ണാടി തെല്ലു നോക്കി-
യണിഞ്ഞൊരുങ്ങുന്നൂ പ്രഭാതദേവി


പ്രഭാതദേവിയെ സുന്ദരിക്കുട്ടി ആക്കീട്ടുണ്ടല്ലോ !

ലാളിത്യമാർന്ന വരികൾ.ഇഷ്ടമായി ലക്ഷ്മീ

പാവപ്പെട്ടവൻ said...

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

):

Jayasree Lakshmy Kumar said...

കുമാരന്‍ | kumaran...നന്ദി :)

സന്തോഷ്‌ പല്ലശ്ശന...നന്ദി :)

ദൈവം...നന്ദി :)

Rare Rose...നന്ദി റോസ് :)
ശോകമൂകയായത് പ്രഭാതദേവിയായിരുന്നില്ല കെട്ടോ. പ്രകൃതി മുഴുവൻ സന്തോഷിക്കുമ്പോൾ “ഒരു രാവു മുഴുവനുമാർദ്രയായ് പാടിയ” ഒരു രാപ്പാടിപ്പെണ്ണായിരുന്നു ശോകഭാവം പൂണ്ടത്. ഏതായാലും അതു ഞാൻ ഒഴിവാക്കി

സജി...നന്ദി അച്ചായാ :)

കാന്താരിക്കുട്ടി...നന്ദി കാന്താരീസ് :)
കാന്താരി ക്വാട്ട് ചെയ്ത ആ നാലു വരികൾ ഇതു പോസ്റ്റ് ചെയ്ത അന്ന് എഴുതിച്ചേർത്തതാണ്. മറ്റോരു ട്വിസ്സ്റ്റിലേക്ക് പോകുന്ന ഇതിന്റെ രണ്ടാം പകുതിയെ ഒഴിവാക്കി, എഴുത്തിന് ഒരു ഫുൾസ്സ്റ്റോപ് ഇടുവിക്കാൻ വേണ്ടി മാത്രം :)

പാവപ്പെട്ടവന്‍...ആശംസകൾക്ക് നന്ദി :)

Areekkodan | അരീക്കോടന്‍...:)

ഗീത said...

പ്രഭാതത്തിന്റെ ആഗമനം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. രാവിന്റെ തൊട്ടിലില്‍ താരാട്ടു പാടിയുറക്കിയ ബാലാര്‍ക്കന്‍...
നല്ല ഭാവന ലക്ഷ്മീ.

siva // ശിവ said...

ലാളിത്യമുള്ള ഭാവന....

ശ്രീ said...

നന്നായിട്ടുണ്ട്, ലക്ഷ്മീ, ഒരു രാത്രിമഴ പെയ്തൊഴിഞ്ഞതു പോലെ...
:)

Typist | എഴുത്തുകാരി said...

ലളിതമായ വരികള്‍. ഏഴുമുഴം ചേലചുറ്റി അണിഞ്ഞൊരുങ്ങിയ പ്രഭാതം എന്തു സുന്ദരിയായിരിക്കും!

Muralee Mukundan , ബിലാത്തിപട്ടണം said...

ലളിതമായ പ്രാസത്തിൽ വളരെ നന്നായി ആലപിക്കാവുന്ന ഒരു കാവ്യം

കണ്ണനുണ്ണി said...

ലളിതം....സുന്ദരം....
താളവും കൂടുമ്പോ മനോഹരം ലക്ഷ്മി...

ramanika said...

ഈ പ്രഭാതവും സുന്ദരം!

Bindhu Unny said...

ലളിതം, മനോഹരം :)

Prasanth Iranikulam said...

ആശംസകള്‍

തൃശൂര്‍കാരന്‍ ..... said...

"രാവാകും തൊട്ടിലിൽ താരാട്ടിയുറക്കിയ
ബാ‍ലാർക്കനുണർന്നോയെന്നെത്തി നോക്കേ"
നല്ല വരികള്‍..

Gopakumar V S (ഗോപന്‍ ) said...

ഹൃദ്യം, സുന്ദരം....

വിജയലക്ഷ്മി said...

nannaayittundu mole.

Sunith Somasekharan said...

നല്ല വരികള്‍ ... കൊള്ളാം ... ആശംസകള്‍ .

smitha adharsh said...

ഹായ് നല്ല വരികള്‍..ഇതുപോലൊന്ന് എനിക്കെഴുതാനാകും എന്ന് തോന്നുന്നെയില്ല.
പ്രഭാതം സുന്ദരമായാലെ നമ്മുടെ മുഴുവന്‍ ദിവസവും സുന്ദരമാകൂ ല്ലേ?

സുനേഷ് കൃഷ്ണന്‍ said...

pls giv ur mail id -- sunesh@nattupacha.com

ഗോപന്‍ said...

നന്നായി,കവിത എഴുതാന്‍ സാധിക്കുന്നത്‌!
എനിക്ക് വായിക്കാന്‍ സാധിച്ചതും!

Anonymous said...

checked all your blogs...no new posts? why? i cudnt find your email id. cud you plz drop in a mail to me?

Kalavallabhan said...

എന്തൊരു ഭാവന
ഗംഭീരൻ
സുന്ദരമായ കവിത

എന്തേ പുതിയ പോസ്റ്റിടാത്തത് ?

മൈത്രേയി യും ചോദിച്ചത് കണ്ടില്ലേ ?

jithu john kurisinkal said...

ഒരു മഴകൂടി പെയ്തിരുന്നെങ്കില്‍

വിരല്‍ത്തുമ്പ് said...

എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്....

prakashettante lokam said...

കലാഭവന്‍ ചോദിച്ച പോലെ എന്താ ഇപ്പോള്‍ എഴുതാത്തത് ...?

Sureshkumar Punjhayil said...

Pulari ...!
.
Manoharam, Ashamsakal...!!!