വിരൽ മുറിക്കുന്ന
വർഷധാരയോടാണ്
കാത്തിരുന്ന
മഴക്കാലത്തിലേക്ക്
വേനൽച്ചൂടിൻ കൈ പിടിച്ച്
മേഘത്തേരേറുമ്പോൾ
പെയ്തൊഴിയുക എന്ന
നിയോഗത്തെ
നിത്യപ്രളയമെന്ന്
പരിഭാഷപ്പെടുത്തിയതെന്തിന്?
നിനയ്ക്കാതെ ഉരുവം ചെയ്ത
ന്യൂനമർദ്ദത്തിൽ
പൊട്ടിപ്പുറപ്പെട്ട
ചുഴലിക്കാറ്റിലും വർഷപ്പെയ്ത്തിലും
ആരൂഢം മുറിഞ്ഞ്
സ്വപ്നഗേഹങ്ങൾ നിലം പൊത്തുന്നു
താളത്തിലാട്ടിയ
കാരിരുമ്പിന്നുരുക്കൾ
കടലാസു തോണികൾ പോൽ
നിലയില്ലാക്കയത്തിൽ
താഴ്ന്നു മറയുന്നു
വരവേൽപ്പിൻ കാഹളമൊടുങ്ങും മുൻപ്
ദിശമാറി വീശിയ
മൺസൂണിനിനി
നിരാസത്തിൻ
കുത്തൊഴുക്കു കാലം
നീ പോയ് മറയുക
ഈർപ്പം മാറിയ വസുധ
വേനൽപ്പട്ടുടുത്തൊരുങ്ങുമ്പോൾ
ഈറൻ കാറ്റാവട്ടെ
നിന്നോർമ്മബാക്കികൾ
No comments:
Post a Comment