അക്കാട്ടിലുണ്ടാമരം
അരികത്തായുണ്ടീമരം
ഒരു പുലർക്കാലത്തിൽ
മഴ തോർന്ന
നേരത്തിൽ
ആമരമീമരമൊരു മർമ്മരം
''ആഹാ! അതികാലെയുണർന്നെണീറ്റോ?’
''കോരിച്ചൊരിയുന്ന മഴയല്ലാർന്നോ
തളിരിലക്കുട
നിവരുന്നേയുള്ളു.
പഴമേലാപ്പു
ചോർന്നു വീണുപോയി.
ഞാനാകെ തണുത്തു വിറച്ചുപോയി‘
'പുതച്ചുറങ്ങാനൊന്നുമില്ലാരുന്നോ?'
‘തൂവൽപ്പുതപ്പു കുതിർന്നുപോയി'
'ഉണ്ണികൾക്കുറങ്ങുവാൻ പറ്റിയാർന്നോ?'
'ഇലയുള്ള ചില്ലേലുറക്കമാണ്
ഉണർന്നാൽപ്പിന്നെ ചെവി കേൾപ്പിക്കില്ല‘
‘ഇന്നലെയത്താഴമെന്തുണ്ടാർന്നു? ‘
'കതിർമണിയൊരുനുള്ളും തരമായില്ല
ഇലതിന്നുംപുഴുവൽപ്പം ഒത്തുകിട്ടി’'
'എന്തേ എന്നോടൊന്നു ചോദിക്കാർന്നേ ‘
‘അവിടേയും കുഞ്ഞുങ്ങളൊരുപാടില്ലേ.
അതിനാലെ ചോദിക്കാൻ തോന്നിയില്ല‘
'പ്രാതലിനുണ്ണികൾക്കെന്തു നൽകും? ‘
‘പഴംപുഴു ഇത്തിരി ബാക്കിയുണ്ട് ‘
'അയ്യോ! ഞാനൊരുപിടി കതിർ കൊണ്ടരാം’
പെട്ടെന്നൊരു വെടി-
യൊച്ച കേട്ടു.
മരമൊഴികളെല്ലാം
പറന്നുപോയി.
ചെറുവാക്കൊന്ന് വീണു-
ചിതറിപ്പോയി.
അകലും മൊഴി നോക്കി-
യാമരവും, വീണു-
പിടയും വാക്കു നോക്കി-
യീമരവും പിന്നെ,
ചൊല്ലറ്റു
ചങ്കറ്റു
കണ്ണീർ പെയ്തു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
No comments:
Post a Comment