Saturday, 3 February 2024

മരുഭൂമികൾ ഉണ്ടാകുന്നതിനും മുൻപ്‌

പദങ്ങൾ പുറംതള്ളിയ

മണൽച്ചൂടിൽ നിന്ന്

ഒരു ഉറവ പൊട്ടിപ്പുറപ്പെട്ട്‌

നദിയായ്‌ വളർന്ന്

ചിരിച്ചിലങ്കകൾ ചാർത്തി,

പുറകോട്ടൊഴുകുന്നു.


കാറ്റ്,

പറത്തിവിട്ട കരിയിലകളെ

തിരികെയെത്തിച്ച്‌

ഓർമ്മപ്പച്ച ചാർത്തുന്നു.

മണ്ണ്

മഴനൂലുകളാൽ

ആകാശത്തേക്ക് ഏണികെട്ടുന്നു.

ഏണിയേറി നനഞ്ഞ

ദലങ്ങൾ

തീരവനമാകെ

പൂവിളിയെന്ന് ഉറക്കെപ്പാടുന്നു.


ഒരു മരം സ്വപ്നക്കൂടൊരുക്കി,

ഇലച്ചാർത്തുകളാൽ മറയ്ക്കുന്നു

ഉള്ളിൽ ഒറ്റക്കൊരു കിളി,

കാത്തിരിപ്പെന്ന് തൂവലുകളെ

ചിറകുകളിൽ തിരികെത്തിരുകുന്നു

പശ്ചിമാംബരം,

ഇരുണ്ട ചുവർവർണ്ണങ്ങൾ ചുരണ്ടിക്കളഞ്ഞ്

ചെഞ്ചായം പൂശിത്തുടുക്കുന്നു.


ദൂരെ

അസ്തമയക്കടലിൻ്റെ നെറ്റിയിൽ നിന്ന്

ഒരു കറുത്ത പൊട്ട്

തീരത്തേക്കടർന്നുവീണ്

യാനമാകുന്നു.

ചൂണ്ടത്തുമ്പിൽ

മരിച്ചുകിടന്നൊരു പ്രണയം

ജീവനാർജ്ജിച്ച്

നദിയിലേക്ക് ചാടിമറയുന്നു.

ചാകര...ചാകരയെന്ന്

തീരമൊരു ഉൾവിളി കേൾക്കുന്നു


കണ്ടെത്തലിൻ്റെ

പരസ്പരവേലിയേറ്റമിറങ്ങുമ്പോൾ

തിരയും തീരവും

ഇരു ദിശകളിലേക്ക് പിന്‍വാങ്ങി

അപരിചിതരാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

No comments: