Monday, 13 May 2024

യാത്ര തുടരുന്നു...

നിഴൽ വീണ വഴികളിൽ
തനിയെ നടക്കുമ്പോൾ
ഇലപ്പച്ച മറഞ്ഞുള്ളിൽ
കുറുകിയ കിളിയേതാവാം
വഴിമാഞ്ഞ യാത്രയിൽ
തിരിനീട്ടും താരകം
കാട്ടുന്ന ദീപകം
ചൊല്ലുന്നതെന്താവാം
താനേ വിരിഞ്ഞ പൂക്കൾക്ക്‌
ഭൂമിയാണുദ്യാനം
കാലമാണു പാലകൻ
മുൾവിരിപ്പുകളിൽ
ഇതൾ വിരിച്ചീടുന്ന
വീര്യമാണുദകം
തന്ത്രികളനവധി
ശ്രുതി മീട്ടിപ്പാടുന്ന
നിശ്ശബ്ദവീണാനിനദം -
ഈ ഏകാന്തത
ആയിരം ചെവികൾ
വിടർത്തുക, കേൾക്കുക
ആ മനോഹര ഗീതകം.
അകലെ, കിളിക്കണ്ണിൽ
സായാഹ്നം ചോക്കുന്നു.
കാറ്റിന്റെ ചിമിഴിൽ
കസ്തൂരി മണക്കുന്നു.
കടലാസുപൂക്കളിൽ
എഴുതിയ സന്ദേശം
കാതോരം ചൊല്ലുന്നു, സന്ധ്യ.
അന്തിവാനം
പിരിശംഖിനുള്ളിൽ
വീണുമയങ്ങുന്നു.
തീരത്തെ മുറിവുകൾ
കടൽത്തിര മായ്ക്കുന്നു.
ഇരുൾത്താരയിലെന്മന-
ത്താരകം തെളിയുന്നു.
പക്ഷിയായുണരുന്നു.
ചിറകുകൾ വീശുന്നു.
യാത്ര തുടരുന്നു.

No comments: