Monday, 13 May 2024

ഇരുട്ടിലൊരു പക്ഷി

മുനിഞ്ഞുകത്തുന്ന 
വഴിവിളക്കുകൾ
ചെന്നിറം പൂശുന്ന,
നാട്ടുവഴികളിൽ
പൂത്ത മാവുകൾ
മാമ്പൂമണം പെയ്യുന്നു.

അകലെ
ഈറത്തണ്ടിൻ്റെ
മുറിവിൽ തലോടി
കാറ്റ്
കാതരം മൂളുന്നു.

വാനമപ്പോൾ
ഇരുൾക്കുട നിവർത്തി
മഴ ചൂടുന്നു.

പൊട്ടിവീഴുന്ന 
തുള്ളികളും
ഈയാമ്പാറ്റകളും
വെളിച്ചനൃത്തം ചെയ്യുന്നു.

രാക്കൂട്ടിനുള്ളിൽ
തൂവൽ പുതച്ച്
ഏകായാമൊരു 
പക്ഷി 
ജലമർമ്മരത്തിൻ്റെ
താരാട്ടിലുറങ്ങുന്നു

പിൻനിലാവു മാഞ്ഞ 
വഴികളിൽ
ഒരൊറ്റത്താരകം
വഴിയറ്റു നിൽക്കുന്നു.

ഇലത്തുമ്പിലൊരു നീർക്കണം

ഇടനെഞ്ചു പിടച്ച് 

അടരാൻ  മടിക്കുന്നു.

നിൻ്റെ കാൽപ്പാടുകളെ

പൊഴിമഞ്ഞു മായ്ക്കുന്നു.

രാവിൻ്റെ മൺവാതിൽ

മെല്ലെ അടയുന്നു.

No comments: