നീ
കളർ സ്പെക്ട്രത്തിലെ
ഒരു നിറം മാത്രമായ്
അടയാളപ്പെടുമ്പോൾ
നിന്നിലെ
അതീന്ദ്രിയവർണ്ണവിന്യാസങ്ങളെ അറിയാൻ
ഞാൻ നിന്നിലേക്കോ
നീ എന്നിലേക്കോ
വഴി തെളിക്കേണ്ടത്?
എത്ര വർണ്ണക്കുടകളെയാണ്
നിൻ്റെ ലോകം
വിരിച്ചുപിടിച്ചിരിക്കുന്നത്!!
നീ
പറവകൾക്ക്
ചിറകുകളേകുന്നു.
നിൻ്റെ ചിരിക്കൊക്കൂണിനുള്ളിൽ നിന്നും
പൂമ്പാറ്റകൾ പറക്കുന്നു.
കണ്ണുകൾ ഭൂമിക്ക്
അച്ചുതണ്ടാകുന്നു.
രാത്രിക്ക്
പൂച്ചപ്പാദുകങ്ങൾ ഊരിനൽകി,
നീയുറങ്ങുന്നു
പാതിരാവിലും നീ
സൂര്യനെയുണർത്താനായ്
കണ്മിഴിക്കുന്നു.
താമരപ്പൂക്കളെ
മിഴിപ്പൊയ്കയിൽ വളർത്തുന്നു.
ശരത്കാലതരുക്കൾക്കും
വർണ്ണക്കാവടി നീർത്തുന്നു.
എന്നിട്ടും
പലവർണ്ണരാജികളിൽ നിന്ന്
ഒരു നിറം മാത്രം ദാനമേകിയവർക്കും,
അതിരുകളില്ലാത്ത
ആഹ്ളാദലോകത്തെ
വെറുമൊരു വൃത്തത്തിലേക്കൊതുക്കിയവർക്കും
നിൻ്റെ മിഴികളെന്തേ
ഒരു നിമിഷത്തേക്കെങ്കിലും
കടമായ് നൽകിയില്ല?
ഒരിക്കലും
എൻ്റെ
വർണ്ണമില്ലായ്മയുടെ ലോകത്തേക്ക്
നീ വരരുത്.
വന്നാൽ തിരിച്ചറിയാൻ
ഞാനൊരു പച്ചറിബ്ബണടയാളം
അണിഞ്ഞിട്ടുണ്ടാകുമെങ്കിലും
ഒരേ പൊയ്മുഖമണിഞ്ഞവർക്കിടയിൽ
നിനക്ക് വഴി തെറ്റിയേക്കാം.
പകരം,
വലയങ്ങളിലൊതുങ്ങാത്തവർ
നിനക്കായ് വളച്ച
ആ വൃത്തത്തിലേക്ക്,
വർണ്ണങ്ങൾ കൽപ്പിക്കപ്പെടാത്തവർ
നിനക്കായ് കൽപ്പിച്ച
ആ വർണ്ണത്തിലേക്ക്,
'മെൻ്റലി റിട്ടാർഡഡ്' എന്ന്
നിനക്ക് അടയാളക്കുറിയിട്ട,
അടയാളങ്ങങ്ങൾക്കതീതരായവരുടെ
പ്രതിനിധിയായി
ഞാൻ വരാം.
മുഖംമൂടിക്കകത്തും
മൂടിവയ്ക്കാത്ത എൻ്റെ കണ്ണുകൾക്ക്
നിൻ്റെ മനസ്സിൻ്റെ
വർണ്ണവിശുദ്ധിയിലേക്കെത്തുവാൻ
ഒരു നേർരേഖ മാത്രം
വരച്ചാൽ മതിയാകുമല്ലൊ.
No comments:
Post a Comment