Thursday 11 February 2021

പടുമരം

 നിറംമങ്ങിപ്പഴകിയോ-

രിലമെത്ത മീതെ,

ശിശിരം ദ്രവിപ്പിച്ചോ-

രസ്ഥികൾ കാട്ടി,

ഒടിഞ്ഞ തൻ ശിഖരമൊ-

രൂന്നുവടിയാക്കി,

അസ്തമയവാനിലിരുൾ

വീഴുന്നതും കാത്ത്,

നിമിഷങ്ങളെണ്ണുന്നൊരു-

ജീർണ്ണമരം.


എരിവേനൽ മരുഭൂമി-

ച്ചൂടിലുമൊരു നാളിൽ

ഇലപ്പച്ച വിരിച്ചതി-

ലൊരു കൂടൊളിപ്പിച്ച്,

തണൽ വീശി നിന്നൊരാ-

വസന്തവർണ്ണങ്ങളെ

നിറംവാർന്നു ചിതറിയൊ-

രവ്യക്‌തക്കാഴ്ചയാൽ

ഓർത്തെടുക്കുന്നു,

- ഒരോർമ്മമരം


എന്നോ പൊഴിഞ്ഞു-

മറഞ്ഞു പൊയ്പ്പോയൊരാ

അമ്മപ്പക്ഷിത്തൂവ-

ലോർമ്മ തൻ ബാക്കികൾ

തിരഞ്ഞു വലഞ്ഞേറെ-

ച്ചുളിഞ്ഞ നേത്രങ്ങളിൽ

അടർന്ന നീർത്തുള്ളി

തുടയ്ക്കുവാനാകാതെ

തളർന്നിടറി നിൽക്കുന്നൊ-

രൊറ്റമരം.


ഒരുനാൾ ചിറകാർന്നു-

പറന്നുമറഞ്ഞൊരാ

ചെറുതൂവൽക്കിളികളി-

ങ്ങെത്തുമെന്നാശിച്ച്,

എല്ലുന്തുമിടനെഞ്ചി-

ലിപ്പോഴുമൊരു കിളി-

ക്കൂടിന്റെയോർമ്മകൾ

പൊഴിയാതെ സൂക്ഷിച്ച്,

മെല്ലിച്ച ചില്ലകളൊ-

രാലിംഗനത്തിനായ്

നീട്ടിനിൽക്കുന്നൊരു

വൃദ്ധമരം.

xxxxxxxxxxxxxxxxxxxxxxxxxx

 

No comments: