Thursday 11 February 2021

സാറ്റുതൊടാതെ നീ......

 ഒന്ന് ...രണ്ട്.....മൂന്ന്......

നമ്മൾ സാറ്റ് കളിക്കുകയായിരുന്നു...

കണ്ണടച്ച് ഞാനെണ്ണുകയായിരുന്നു.

 

എട്ട്.....ഒൻപത്......പത്ത്.......

 

എനിക്കറിയാമായിരുന്നു,

എൻ നിഴൽവഴിത്താരയും

ചേലക്കയ്ത്തുമ്പും വിട്ട്

നിനക്ക് ദൂരങ്ങളില്ലെന്ന്.

എന്നിട്ടും നിമിഷമാത്രകൊണ്ടെൻ

മിഴികൾക്കു പിന്നിലെ

ഏതു സ്മൃതിവനങ്ങളിൽ

നിയോളിച്ചു!!!

 

ഇരുപത്തഞ്ച് ...ഇരുപത്താറ്........ഇരുപത്തേഴ്‌........

 

ഞാനെണ്ണുന്നു.

ഒരു കാൽച്ചിലമ്പൊലിയുമേകാതെ

നീയെവിടെയോ

മറഞ്ഞുതന്നെയിരിക്കുന്നു.

 

നാല്പത്തൊമ്പത്......അമ്പത്........അമ്പത്തൊന്ന് .......

നീ സാറ്റ് തൊട്ടില്ല .

നട്ടുച്ചവെയിൽച്ചൂടെൻ്റെ

ദിനരാത്രങ്ങളെ പുകച്ച്

ചുടുലാവയൊഴുക്കുന്നു .

മാംസംകടിച്ചമറിമുരളുന്ന

ചെന്നായ്കിതപ്പുകൾ

ചെവികൊട്ടിയടക്കുന്നു.

 

 

അറുപത്... അറുപത്തൊന്ന്...അറുപത്തിരണ്ട്...

 

ഞാനെണ്ണിത്തളരുന്നു .

അപ്പോഴെൻ കൺചിമ്മിമയക്കങ്ങളിൽ

നീയെത്തുന്നു;

മുഖംപൊള്ളിച്ച്, വിരൽമുറിച്ച്,

ഒറ്റക്കൺനോട്ടങ്ങളായ്‌......

മൃദുലതകളിലാഴ്ന്നിറങ്ങിയ

ലോഹമൂർച്ചമുറിവുകളായ്....

പൊന്തക്കാടുകളിൽ ഉടഞ്ഞുചിതറിയ

ഇളംകുന്നിമണികളായ്‌....

 

അർദ്ധബോധത്തിൽ ഞാൻ പൂക്കുലയേന്തി

ആയിരംനാഗങ്ങൾ നടമാടുന്ന കളങ്ങളിൽ

മുടിയഴിച്ചുറഞ്ഞുകളംമായ്ക്കുന്നു.

മായ്ച്ചിട്ടുംമായ്ച്ചിട്ടും തീരാക്കളങ്ങളിൽ

പുതുസർപ്പസീൽക്കാരങ്ങൾ കനക്കുന്നു.

 

നൂറ്... നൂറ്റൊന്ന്.... നൂറ്റിരണ്ട്

 

കണക്കുകൾ എന്നെ വഞ്ചിക്കുന്നു

ഒടുവിൽ ഞാൻ

ചിലമ്പരമണികളിലുറഞ്ഞുതുള്ളി,

ഉടവാൾനനച്ച എൻ്റെ ശിരോരക്തം

വായ്‌നിറച്ച്,

സ്ഥാപിതബിംബങ്ങളെ ചുവപ്പിച്ച്,

ആഞ്ഞുതുപ്പുന്നു.

പ്രജ്ഞയെന്നിൽനിന്നകന്ന് ഞാൻ വീഴുന്നു ....

ജഢീഭവിക്കുന്നു.

 

അപ്പോഴുമൊരു വിറ

ചുണ്ടിൽ ബാക്കിനിൽക്കുന്നു.

നൂറ്റിപ്പത്ത്... നൂറ്റിപ്പതിനൊന്ന്.... നൂറ്റിപ്പന്ത്രണ്ട്....



No comments: