Saturday, 3 June 2023

വേട്ടയ്ക്കൊടുവിൽ


എണ്ണപുരളാത്ത

പാറിപ്പറന്ന

ചെമ്പൻമുടി.

നീളൻതാടി.

വിശപ്പു വെടിച്ച

ചുണ്ടുകൾ.

അഴുക്ക് ചിത്രപ്പണി ചെയ്ത

അറപ്പുളവാക്കുന്ന

അലസവേഷം.

 

ഉപജീവനം തേടി

അലഞ്ഞ പാതയിൽ

തേഞ്ഞുനേർത്ത പാദുകങ്ങൾ.

 

ചുരുട്ടിയിട്ടുമൊതുങ്ങാതെ

തോൾസഞ്ചിയിൽ

തുളുമ്പിത്തെറിച്ചു നിൽക്കുന്ന

ഉന്നതബിരുദപത്രങ്ങൾ.

 

യൗവ്വനം തിളങ്ങാത്ത

കണ്ണുകളിൽ നിറയുന്ന

പ്രത്യയശാസ്ത്രപ്രഘോഷങ്ങൾ.

ചിറിത്തുമ്പിൽ

അവജ്ഞയോടെ കോടി നിൽക്കുന്നു,

ഉത്തരം തേടുന്ന

ഒരുപാട് ചോദ്യങ്ങൾ.

 

അപമാനിതൻ.

നിന്ദിതൻ.

തേച്ചുവെളുപ്പിച്ച

എച്ചിൽപ്പാത്രങ്ങളിലും,

കോരിമിനുക്കിയ കാനകളിലും,

അന്നമുണ്ടോൻ.

 

ഭിക്ഷാംദേഹിയെപ്പോൽ

വീണ്ടുമവൻ!!

ജന്മപരമ്പരകളുടെ

പ്രതിപുരുഷൻ!!

അയാളെ പിൻതുടരുന്ന

നൈരന്തര്യം!!!

 

കണ്ണു വെട്ടിച്ച്

തല വെട്ടിച്ച്

തിരിച്ചു നടന്നു, അയാൾ.

തൊട്ടുപുറകെ

വിട്ടൊഴിയാതെയവൻ.

ഉയരുന്നുണ്ടാകാം ചുറ്റിലും

പരിഹാസച്ചിരികൾ.

എന്തൊരപമാനം!!

 

ശീതീകരിച്ച മുറിയിലും

വിയർത്തൊട്ടുന്ന സ്യൂട്ടിൽ

അയാൾ.

വിലയേറിയ സൺഗ്ലാസിനും

മറയ്ക്കാനാകാതെ

മഞ്ഞളിക്കുന്ന കണ്ണുകൾ.

റെഡ്കാർപ്പറ്റിൽ പതറുന്ന,

തിളങ്ങുന്ന ഷൂസുകൾ

 

തീണ്ടാപ്പാടകലെ

ഉപചാരം നടിച്ച്

പരിസേവകവൃന്ദം.

ഒളിപ്പിക്കുന്നുണ്ടാകാം ഉള്ളിൽ,

പുച്ഛഭാവം.

 

ഒഫ്ഫീഷ്യൽമീറ്റിങ്റൂമിൽ

തിരസ്കൃതനെപ്പോലെ

ശങ്കയോടെത്തി,

വെറും നിലത്ത്

ചടഞ്ഞിരുന്നു- അവൻ

റോയൽ ഡിന്നറിൽ

ശബ്ദമില്ലാതെ

സ്പൂണും ഫോർക്കും

താളത്തിൽ ചലിക്കുമ്പോൾ,

ക്ഷണിക്കാതെത്തിയ അതിഥിയെപ്പോലെ

വാരിക്കഴിച്ച്

കൊതിയോടെ

വിരൽ നൊട്ടിനുണയുന്നു - അവൻ

 

ഇറങ്ങിനടന്നപ്പോൾ

പുറകെയവൻ

 

ഉറക്കം മുറിച്ച്

തുടർച്ചയായ

കോളിങ്ങ്ബെല്ലുകളായ്,

അരികിലും അരികിലായ്,

രാപകലെന്യേ

അയാളെ തീണ്ടിത്തീണ്ടി - അവൻ

 

അയാളിപ്പോൾ

ഉടൽമുഴുവൻ മുറിവാർന്ന്

ഓടിത്തളർന്ന വേട്ടമൃഗം.

സ്വരക്ഷക്കായൊടുവിൽ

ആക്രമണോൽസുകനായ്

വെട്ടിത്തിരിയുന്നു.

ഇപ്പോൾ

പോയിൻ്റ്  ബ്ലാങ്കിൽ

അവൻ്റെ തലയിൽ

അയാളുടെ തോക്കിൻകുഴൽത്തുമ്പ്.

കാഞ്ചി വലിയുന്നു.

തല പൊട്ടിച്ചിതറി - അയാൾ

xxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

Friday, 26 May 2023

നീ വല്ലാതെ വൈകിയല്ലോ...

വൃക്ഷങ്ങളുടെ നിഴലുകളിലും

പൂമരച്ചുവടുകളിലും

ഒളിച്ചുവച്ചവയെയാണോ

തിരഞ്ഞുപോയത്

ആറ്റിലൂടൊഴുകിയകന്ന

കുളവാഴപ്പൂക്കൾക്കിടയിൽ

വീണുപോയവയെ?

മഴപ്പക്ഷിച്ചിറകേറി

പറന്നുപോയവയെ?

മഞ്ഞിൻചില്ലയിൽ

പൊട്ടിവിരിഞ്ഞ

വെയിൽപ്പൂവിന്നിതളുകളിൽ

തിളങ്ങിനിന്നവയെ?

പാതയോരത്തെ

പച്ചപ്പുൽപ്പരപ്പു നീളെ

തുളുമ്പിവീണവയെ?

കുളക്കൽപ്പടവുകളിൽ

പറ്റിവളരുന്ന പായൽ

മറച്ചുപിടിച്ച രഹസ്യലിഖിതങ്ങളിൽ

ധ്വനിച്ചുനിന്നവയെ?

 

നിഴൽനീണ്ടനേരത്ത്

തേടിച്ചെന്നപ്പോൾ

വഴിമുറിച്ചു വീണുകിടക്കുന്നു,

പഴകിയടർന്നൊരോർമ്മച്ചില്ല .

ഇലഞരമ്പുകളിൽ ബാക്കിയായ

ഇത്തിരിപ്പച്ചയിലേക്ക്

ഉണക്കെത്തിനോക്കിത്തുടങ്ങിയിരിക്കുന്നു.

വരിമുറിഞ്ഞ ഉറുമ്പുകളെപ്പോലെ

ഗമനപാതയറിയാതെ

ചില്ലക്കപ്പുറം

നിരനിരയായ് പകച്ചുനിൽക്കുന്നു,

കളഞ്ഞുപോയ നമ്മെ

തേടിയലഞ്ഞുതളർന്ന

(ചുവരിടിഞ്ഞ) കുളക്കടവും

(വരണ്ടുനേർത്ത) കായലും,

(നിറംമാഞ്ഞ) വഴിയോരങ്ങളും

(വാടിവീണ) വെയിൽപ്പൂക്കളും

 

നീ വല്ലാതെവൈകിപ്പോയല്ലോ’ എന്ന

നെടുവീർപ്പുകൾ,

അപ്പോഴേക്കും

മുറിച്ചുകടക്കാനാവാത്ത ആഴത്തിൽ

മുന്നിലൊരു ഗർത്തം തീർത്തിരുന്നു.

തിരിച്ചുനടക്കാനുള്ള വഴിയോ,

നിഴലിനൊപ്പം

ഇരുളിൽ മറഞ്ഞിരുന്നു.

Xxxxxxxxxxxxxxxxxxxxxxxxxxxxxx

 


Sunday, 21 May 2023

മൺസൂൺ ദിശ മാറുമ്പോൾ

തിരിമുറിയാത്ത

വർഷധാരയോടാണ്;

 

കാത്തിരുന്ന

മഴക്കാലത്തിലേക്ക്

വേനൽച്ചൂടിൻ്റെ കൈപിടിച്ച്

മേഘത്തേരിലേറുമ്പോൾ

പെയ്തൊഴിയുകയെന്ന

നിയോഗത്തെ

നിത്യപ്രളയമെന്ന്

പരിഭാഷപ്പെടുത്തിയതെന്തിന്?

 

നിനയ്ക്കാതെ ഉരുവം ചെയ്ത

ന്യൂനമർദ്ദത്തിൽ,

പൊട്ടിപ്പുറപ്പെട്ട

ചുഴലിക്കാറ്റിലും വർഷപ്പെയ്ത്തിലും

ആരൂഢം മുറിഞ്ഞ്

സ്വപ്നഗേഹങ്ങൾ നിലംപൊത്തുന്നു.

താളത്തിലാട്ടിയ

കാരിരുമ്പിന്നുരുക്കൾ

കടലാസുതോണികളെപ്പോലെ

നിലയില്ലാക്കയങ്ങളിൽ

താഴ്ന്നുമറയുന്നു

വരവേൽപ്പിൻ്റെ കാഹളമൊടുങ്ങും മുൻപ്

ദിശമാറി വീശിയ

മൺസൂണിന്

ഇനി നിരാസത്തിൻ്റെ

കുത്തൊഴുക്കുകാലം.

നീ പോയിമറയുക.

ഈർപ്പം മാറിയ വസുധ

വേനൽപ്പട്ടുടുത്തൊരുങ്ങുമ്പോൾ

ഈറൻകാറ്റാവട്ടെ

നിന്നോർമ്മബാക്കികൾ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Saturday, 20 May 2023

ആരാണ് നല്ല അഭിനേതാവ്?


നിലവറിയാതെ,

ഇലയനങ്ങാതെ,

സൂഷ്മസുഷിരമി-

ട്ടകമേയെത്തി,

കാമ്പു മുഴുവൻ

കവർന്നെടുത്ത്,

പൊള്ളയാം ഉള്ളറി-

യാത്തവണ്ണം

അത്ര പുറംചേലു

ബാക്കിനിർത്തി,

കാറ്റുപോലെങ്ങോ

മറഞ്ഞുപോയ

വിരുതനാം [അണ്ണാർ]

കള്ളനവനോ;

അകക്കാമ്പൊഴിഞ്ഞിട്ടും

ഉടയാത്ത മേനിയി-

ലൊഴിയാത്ത ചെന്നിറ-

മാറ്റു കൂട്ടി,

ഇടനെഞ്ചിൻ മുറിവ്

മറച്ചുവച്ച്,

ചേലിൽ ചിരിക്കും

പപ്പായപ്പെണ്ണോ

ആരാണിതിൽ നല്ല

അഭിനേതാവ്?!


Monday, 15 May 2023

ഓർമ്മപര്യന്തം

എല്ലാവീടുകളിലേയും

സന്ദർശനമുറികളിലും

തീനിടങ്ങളിലും കാണാം,

മരിച്ചുപോയവർ ഒഴിച്ചിട്ട

ഇരിപ്പിടങ്ങൾ.

എത്രപേർ പിന്നീട്

ഇരുന്നുവെന്നാകിലും,

സമരസപ്പെടാതെ

ബാക്കിയാകുന്ന

മെയ്ച്ചൂട്.

 

മരിച്ചുപോയവർ,

മിഴിയിരുൾമറവിലേക്ക്

ഒളിച്ചുപോയ

കുറ്റവാളികളാണ്.

'പിടികിട്ടാപ്പുള്ളി'യെന്ന്

പതിച്ച ചിത്രങ്ങൾ

നിലനിൽക്കുവോളം,

രേഖകളിൽ

അപരാധിയായി

അടയാളപ്പെട്ടിരിക്കുവോളം,

ഓർമ്മച്ചൂട്ടും വീശി

ഇരുൾക്കാട്ടിൽ നിന്നവർ

ഇടയ്ക്കിടെ

ഒളിസന്ദർശനം നടത്തും.

കാലം മറയുമ്പോൾ,

ചിത്രങ്ങൾ മായുമ്പോൾ,

അടയാളമുക്തി പ്രാപിച്ചവർ

സ്വതന്ത്രരാകും.

 

മരണമെന്ന ഒരേ തെറ്റിനുള്ള

ശിക്ഷകൾ പലവിധമാണ്.

ചിലർ

വിചാരണപോലുമില്ലാതെ

നിരുപാധികം

കുറ്റവിമുക്തരാക്കപ്പെടുന്നു.

മറ്റുചിലരാകട്ടെ,

ഓർമ്മപര്യന്തം

കഠിനതടവിന്

വിധിക്കപ്പെടുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


ദൃശ്യഭേദങ്ങൾ

സീൻ നമ്പർ വൺ.

 

കാഴ്ചയെ

ഊഞ്ഞാൽപ്പടിയിലിരുത്തി

വാനോളമാട്ടുന്നു,

ഒരുവൾ.

ചതുരവടിവിനുള്ളിലിരുന്നൊരു ലോകം

അവളെ നോക്കി,

മൂക്കിൽ

ഹാസവിരൽ ചേർത്ത്

നിശ്ചലം, നിശ്ശബ്ദം നിൽക്കുന്നു.

 

അവൾ കാണുന്ന ലോകമോ,

പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം

ഉല്ലാസമാടുന്നു.

കാറ്റിനോടും കടലിനോടും

കഥകൾ പറയുന്നു.

ഉയരത്തിൽ പറക്കുന്നു..

ഭൂമിയേക്കാൾ പരക്കുന്നു...

സമയപതംഗങ്ങൾ

ചക്രവാളങ്ങളോളം വിതാനിച്ച

ചിറകുകളുമായ്

അവൾക്കൊപ്പം പറക്കുന്നു.

അവളോ,

കാറ്റുപോൽ പറക്കുന്നു...

കടൽപോൽ പരക്കുന്നു....

 

സീൻ നമ്പർ റ്റൂ.

 

ചുവർഘടികാരത്തിലെ

ഘനീഭവിച്ചുപോയ പെൻ്റുലത്തിലും

മുറ്റത്തെ

പൊട്ടിച്ചെറിയപ്പെട്ട ഊഞ്ഞാലിലും

കാലം നിശ്ചലം.

അഴിച്ചിട്ട മുടിയാൽ

മുഖംമറച്ച്

നിശ്ശബ്ദയായ്, നിശ്ചലയായ്

അകത്തെ

വെളിച്ചമെത്താത്ത മുറിയിലെ

മെത്തയിൽ

കമിഴ്ന്നുകിടക്കുന്നു - അവൾ.

 

ചിറകുകളൊതുക്കിയൊരു ശലഭം

കൊക്കൂണിനുള്ളിലേക്കൊതുങ്ങി

പ്യൂപ്പാസുഷുപ്തി പ്രാപിക്കുന്നു.

 

നിസ്സംഗതയോടെ നിർമമതയോടെ

അനേകം

മൊബൈൽനീലവെട്ടങ്ങൾ

അതിദ്രുതം

അവൾക്കു ചുറ്റും കറങ്ങുന്നു.

രാപ്പകൽഭേദമെന്യേ

ഭൂമി

നീലപ്രകാശത്താൽ

ചുറ്റപ്പെടുന്നു.

മറ്റെല്ലാ നിറങ്ങളേയും പുറംതള്ളി

ഭൂമി,

നീലനിറമാർന്നുചലിക്കുന്ന

ഒരൊറ്റക്കണ്ണാവുന്നു.

അടർന്നുവീണു ചലനമറ്റൊരു

കണ്ണീർത്തുള്ളി പോലെ

അകത്തളങ്ങളിലെ ഇരുട്ടിൽ

മിഴികൾപൂട്ടിക്കിടക്കുന്നു, അവൾ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx