Wednesday, 30 October 2024

തേടൽ

തേടിയിറങ്ങുമ്പോൾ
കണ്ടെടുക്കുമെന്ന കാതലുറപ്പുള്ള
ബോധിവൃക്ഷശാഖകൾ
ഏതോ അജ്ഞാതദ്വീപുകളിൽ നിന്ന്
മന്ത്രവിരൽ നീട്ടി വിളിച്ചിരുന്നു.
മൂടൽമഞ്ഞിൻ വിരിമറയ്ക്കുള്ളിലെ
പാതികൂമ്പിയ തളിരിലമിഴികൾ
ധ്യാനഭാവം പൂണ്ടിരുന്നു.
ധ്രുവച്ചിറകുകളിൽ പറന്നണഞ്ഞൊരു
മായാദീപ്തി
ദൂരത്തെ കൺകെട്ടി മയക്കിയിരുന്നു.

വാക്കിൻ വിള്ളൽപ്പിളർപ്പുകളിലൂടെ
നോക്കുകൾ കൂലംകുത്തിയൊഴുകുന്ന
കിഴുക്കാം തൂക്കാം ഗർത്തങ്ങളിലൂടെ
പക്ഷിച്ചിറകു മുറിക്കുന്ന
നിശ്വാസക്കൊടുങ്കാറ്റിലൂടെ
കാഴ്ചയെ കണ്ണുകെട്ടും തിരമാലകളിലൂടെ
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഹൃദയച്ചുവപ്പുള്ള
ആ മാന്ത്രികദ്വീപിൽ
നീയുണ്ടാകുമെന്ന

പ്രതീക്ഷയുടെ തോണി തുഴഞ്ഞ്

ഒഴുക്കിനെതിരെയുള്ള

ദുർഘടയാത്ര.


പാതിവഴിയിൽ
തുഴത്തണ്ടൊടിച്ച്
അഗാധതയിലേക്കെടുത്തെറിയുന്ന
ജലപാതം.

കുത്തൊഴുക്ക് തകർത്ത
പാറക്കെട്ടുകൾക്കൊപ്പം
മുങ്ങിമറഞ്ഞ മായാദ്വീപിൻ്റെ
ഓർമ്മബാക്കിയായി
ചുഴിയിൽ മറയുന്നു,
കുതിർന്നുമിഴിഞ്ഞ ഒരേകനേത്രം


പിന്നെ
ജലത്തോളേറിയ ദലം പോൽ
അയാസരഹിതമായി
ഒഴുക്കിനൊത്ത് അങ്ങിനെ...



ആഴങ്ങളിൽ നിന്ന്
മെല്ലെയുയർന്നു വന്ന
ഇരുകൈകൾ
തോണിയിൽ പിടുത്തമിട്ടത്‌
അപ്പോഴാണ്.
വലിച്ചുയർത്തി നോക്കുമ്പോഴുണ്ട്
ചിരിയിൽ
തടാകപ്പരപ്പുകളുടെ ശാന്തതയൊളിപ്പിച്ച
ഒരുവൾ

പ്രകാശപൂരിതമായ
പവിഴദ്വീപിൻ തീരങ്ങളിലൂടെ
ഞങ്ങളിപ്പോൾ
കരം കോർത്ത് നടക്കുന്നു.
ശരൽക്കാലവർണ്ണങ്ങൾ
പാവാട ചുറ്റിയ
തീരജലത്തിൽ
ഒരൊറ്റ പ്രതിച്ഛായ
ഞങ്ങൾക്കൊപ്പം
ചിരിച്ചു നീങ്ങുന്നു.


















Monday, 28 October 2024

പക്ഷികൾ വായിക്കപ്പെടുന്നത്‌...


തെളിഞ്ഞ ആകാശം

ചിറകു വിരിച്ചു പാറുന്നൊരു പറവയെ

സ്വാതന്ത്ര്യമെന്നു വായിക്കുമ്പോൾ,


കൺവാട്ടം പിടിച്ച്

അങ്ങുയരെ...

അങ്ങങ്ങുയരെ

അങ്ങ് മേഘങ്ങളോളം ഉയരെ

പറവപ്പൊട്ടിനെ കാണുന്ന

ഒരു കൂട്ടം നരുന്തുകൾ

പരുന്തെന്ന്,

ഇരയെ റാഞ്ചാൻ ചുറ്റുകയാവാമെന്ന്...

അല്ലല്ല.. പ്രാവെന്ന്,

ഇറച്ചി രുചികരമെന്ന്...

തത്തയെന്ന്,

കൂട്ടിലിട്ടു മെരുക്കാമെന്ന്...

മൈനയെന്ന്,

പാട്ടു പാടിക്കാമെന്ന്...

കുയിലെന്ന്,

മറുമൊഴി കൂകാമെന്ന്...

പഞ്ചവർണ്ണക്കിളിയെന്ന്,

ഇരുട്ടിലടയ്ക്കാമെന്ന്...

കൗശലം  കവണയിൽ

കല്ലു  പായിക്കുന്നു.


ഭൂമിയെ സൗന്ദര്യമെന്നു വായിക്കുന്ന 

പറവക്കണ്ണുകളോ,

അങ്ങു താഴെ...

അങ്ങങ്ങു താഴെ....

അങ്ങു പാതാളത്തോളം താഴെ...

ചെറുമനുഷ്യരെ കാണുന്നു. 

അവരുടെ കല്ലുകളി കാണുന്നു. 


പേരറിയാപ്പക്ഷിയപ്പോൾ

ദിക്കുകൾ നിറയുന്ന  ചിറകുകൾ വീശി,

മേഘങ്ങളെ പറപ്പിച്ച്

അങ്ങകലെ..

അങ്ങങ്ങകലെ...

അങ്ങ് ചക്രവാളങ്ങളോളം അകലെ.

സുവർണ്ണവെളിച്ചം നെറ്റിയിലണിഞ്ഞ

ഒറ്റനക്ഷത്രം ലക്ഷ്യമാക്കി

പറന്നുപോകുന്നു.

Saturday, 26 October 2024

[ബ്രാൻ്റഡ്] വാനിറ്റി ബാഗ്

 പേരിന്നാഭിജാത്യവും

രൂപസൗകുമാര്യവും

സാമുഹ്യമൂല്യവും

ആവോളം വിളമ്പി,

ഉണ്ണുന്നു ഞാൻ, വാനിറ്റിയെ 


ക്രെഡിറ്റ് കാർഡുകൾ,

ചെക്ക്ബുക്കുകൾ,

വിലയേറിയ മൊബൈൽ ഫോൺ,

സൺ ഗ്ലാസുകൾ,

മെയ്ക്കപ്പ് സെറ്റുകൾ,

നീളുന്നെൻ സ്വന്തപ്പട്ടിക.


എൻ്റെ ഉടലൊതുക്കം

ഫ്ലൈറ്റുകളിൽ,

കാറുകളിൽ,

ലോകം ചുറ്റുന്നു.


എൻ്റെ സാന്നിധ്യം

ഫൈവ് സ്റ്റാർ ഹോട്ടലുകളെ,

ജിമ്മുകളെ,

ഡാൻസ് ബാറുകളെ

അഹങ്കാരപൂരിതമാക്കുന്നു.



ഒഫീഷ്യൽ മീറ്റിങ്ങുകളെ

കാൻ്റിൽ ലൈറ്റ് ഡിന്നറുകളെ

ഞാനലങ്കരിക്കുന്നു. 


എപ്പോഴോ കാലം 

ഔർഗ്ലാസ് 

കീഴ്മേൽ മറിക്കുന്നു.

ഭൂമിയുടെ മറുപുറത്തേക്ക് 

ജരകളോടെ ഞാൻ

ചൊരിയപ്പെടുന്നു. 



വിണ്ടുപൊട്ടിയ നഖങ്ങളിൽ 

അധ്വാനം കരിപുരട്ടിയ

ഏതോ കൈകൾ

തിരസ്കൃതർക്കിടയിൽ നിന്നെന്നെ

കോരിയെടുക്കുന്നു.

ഇടനെഞ്ചോടു ചേർത്ത്

നന്ദിമിടിപ്പിൻ്റെ താളം പകരുന്നു.



കാലഗണനയില്ലാത്ത തിരക്കുകൾ

ഇപ്പോളെൻ്റെ പ്രഭാതങ്ങളെ

വിളിച്ചുണർത്തുന്നു.


നാട്ടിൻപുറത്തിലൂടെയും

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും

സർക്കാർ ബസിലൂടെയും

കുലുങ്ങിയുള്ള യാത്രകളിലൂടെയും

ചായമടിക്കാത്ത ജീവിതമെന്നെ

താലോലിച്ചാശ്ലേഷിക്കുന്നു. 


ചോറ്റുപാത്രത്താൽ, 

കുപ്പിവെള്ളത്താൽ,

കമ്പി പൊട്ടിയ കുടയാൽ,

കഷായക്കുറിപ്പടിയാൽ ഒക്കെ

മഹോദരം ബാധിച്ചപോൽ   

വയർ വിള്ളുമ്പോൾ

പൊട്ടിയടരാറായ ഒരു ബ്രാൻ്റ് നെയിം

എൻ്റെ പള്ളയിലിരുന്ന്

ചിറി കോട്ടുന്നു.



എന്നിട്ടും നിറവോടെ ഞാൻ 

തിരക്കിട്ടോടുന്നു;

[ബ്രാൻ്റഡ് ആകാത്ത] ഒരുപാടു നെടുവീർപ്പുകളെ 

കുത്തിനിറച്ച്

ഇപ്പോൾ ഇതുവഴി 

ഒരു വണ്ടി വരും

അതു പിടിക്കേണ്ടതുണ്ട്.

വൈകിപ്പോയിയെന്നാൽ

അധികാരക്കസേരയ്ക്കു മുന്നിൽ

തലകുനിച്ചു നിൽക്കേണ്ടി വരുന്ന 

മാനിയായ ഒരുവളുടെ

[ദുരയില്ലാ] അഭിമാനം

കാത്തുരക്ഷിക്കേണ്ടതുണ്ട്.

അതിനുമുൻപ് 

ഒന്നിനുമല്ലാത്ത

ഈ ബ്രാൻ്റ് നെയിം 

ഞാനൊന്നെറിഞ്ഞുകളയട്ടെ.









Thursday, 17 October 2024

സമ്പൂർണ്ണരുചിയിൽ പാകപ്പെടേണ്ടതിൻ്റെ പാചകവിധികളിൽ ചിലത്

 നാലുപുലർച്ചക്കു പാതിയുറക്കത്തെ

കുമ്പിൾ ജലം മുക്കിയുണർത്തി വിടും.

'അടിച്ചുതളിച്ചുചിതം' വരുത്തി,

ഐശ്വര്യമുള്ളിൽ കുടിയിരുത്തും.

'അടുക്കളപ്പൂങ്കാവന'ത്തിലേറ്റും.

പുകയൂതി കത്തിക്കും വിറകടുപ്പിൽ

പല മൺകലങ്ങളിൽ ഞാൻ പൂത്തിടും.

കല്ലിലരച്ച മസാലക്കൂട്ടിൽ

ഏറെ രുചിയോടെ  ഞാൻ വിളയും.

അഴുക്കിനെ പാടെയിളക്കി മാറ്റാൻ

അലക്കുകല്ലിന്നരികിൽ സോപ്പിൽ മുക്കി

കുന്നുപോലെന്നെ കുതിർത്തി വയ്ക്കും. 

പിന്നെ കുളിച്ചു കുറിയണിയിച്ചിടും.

ഈറനിറ്റുന്ന കാർക്കൂന്തൽത്തുമ്പിൽ

തുളസിക്കതിരൊന്ന് ചാർത്തിച്ചിടും.

ഏലക്കയിടിച്ചിട്ട്, പാകത്തിനു പാൽ ചേർത്ത്,

കടുപ്പത്തിലെന്നെ കപ്പിൽ നിറയ്ക്കും.

ഏഴര എന്നെന്നിൽ അലാറമുണരും; അപ്പോൾ, 

നിന്നെ പുണരും പുതപ്പു നീക്കി

മെല്ലെ ഞാൻ നിന്നെ വിളിച്ചുണർത്തും.

ആവി പറക്കുന്ന എന്നെ നീട്ടും.

കടുപ്പവും രുചിയും കെങ്കേമമെന്ന്

തൃപ്തിയോടെന്നെ നീ സ്വീകരിക്കും; ശേഷം, 

'സമ്പൂർണ്ണസ്ത്രീ'പ്പട്ടം എടുത്തു ചുറ്റി,

നിറവോടെ ഞാൻ തിരികെ നടക്കും.

വാ പൊത്തിച്ചിരിക്കുന്ന മിക്സിയെ, ഗ്രൈൻ്ററെ

വാഷിങ്ങ് മെഷീനെ, ഗ്യാസ് സ്റ്റവ്വിനെ,

കണ്ടില്ലയെന്നു നടിക്കും; പിന്നെ

നിൻ റ്റൂത്ത്ബ്രെഷിൽ പേസ്റ്റ് തേച്ചൊരുക്കും.

ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കും.

ഇസ്തിരിയിട്ടെന്നെ നിവർത്തി വയ്ക്കും; പിന്നെ

ഹാങ്ങറിൽ  'അറ്റ്‌-റ്റെൻഷ'നിൽ തൂങ്ങി നിൽക്കും.

ചുളിവില്ലാതെ എന്നെ നീയണിയും; കാണാ-

പ്പുരുഷക്കിരീടമെടുത്തു വയ്ക്കും. ശേഷം,

തല വാനിൽ തൊട്ടു നടന്നു പോകും.







Tuesday, 15 October 2024

നീ നർത്തകി

 നീ വിൺനർത്തകി 

നിൻ്റെ വിരലുകളിൽ 

ഹംസങ്ങൾ

ചിറകടിച്ചു പറക്കുന്നു.

നിൻ്റെ അധരങ്ങളിൽ

പ്രാവിണകൾ  കുറുകുന്നു.

മിഴികളിൽ  

ഇണമയിലുകൾ കൊക്കുരുമ്മുന്നു


നീ  സാഗരനർത്തകി

നിൻ്റെ വാക്കുകളുടെ ലവണങ്ങളിൽ

നക്ഷത്രമൽസ്യങ്ങൾ നീന്തുന്നു

നോക്കിൻ്റെ ദ്വീപുകളിൽ

പവിഴങ്ങളും മുത്തുച്ചിപ്പികളും

രഹസ്യങ്ങളൊളിപ്പിക്കുന്നു.

ഉടയാടഞൊറികളിൽ

മൽസ്യകന്യകൾ 

കസവു തുന്നുന്നു.


നീ ഋതുനർത്തകി.

നിൻ്റെ ഊഷ്മളശ്വാസത്തിൽ

വസന്തം 

തേരേറിയണയുന്നു.

മുടിയിഴകളിൽ 

മുല്ലവല്ലികൾ തളിർക്കുന്നു.

കാൽച്ചുവട്ടിൽ

പനിനീർപ്പൂ

മെത്ത വിരിക്കുന്നു. 

ചുണ്ടുകളിലെ മദഗന്ധത്തിൽ

ഏഴിലം പാല

പൂക്കുന്നു.




നീ കാവ്യനർത്തകി

ഇരവിലും പകലിലും

ഋതുസന്ധ്യാനേരത്തും

കനവിലും

നിനവിലും

നീ നൃത്തമാടുന്നു. 







ചെറ... ആഴി...

അങ്ങേ ചെറയിൽ നീയുണ്ട്. 

വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്

നിലാവ്‌ നിൻ്റെ

രജതരേഖാരൂപമെഴുതുന്നുണ്ട്‌.


ഇങ്ങേ ചെറയിലെ ഇരുട്ടിൽ

ഞാനുണ്ട്‌.

മന്ദം വീശുന്ന കാറ്റ്

നിൻ്റെ ഗന്ധത്താൽ

എന്നെ വരക്കുന്നുണ്ട്‌.


നമുക്കിടയിൽ 

ഈ കായലുണ്ട്‌.

ഉള്ളിൽ

നക്ഷത്രത്തിര തല്ലും

ആഴിയുണ്ട്. 

ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്‌,

നിന്നിലേക്കെന്നിലേക്കുള്ള തോണി. 

മുങ്ങിയെടുക്കുവാനാകാതെ,

നനയാതെ,

അക്കരെ ഇക്കരെ

നമ്മളുണ്ട്. 

ചിറ താണ്ടി,

പുഴ താണ്ടി,

മൂകമാമിരുൾ താണ്ടി

ഒരു മിന്നി നമ്മിലേക്കണയുന്നുണ്ട്


പരൽപ്പിടച്ചിൽ

 എന്നിട്ടുമയാൾ 

വലയെറിഞ്ഞുകൊണ്ടിരുന്നു.

വീശിയെറിഞ്ഞ വലയിൽ

നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ

വെറുതെ

വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.

വഞ്ചിയിൽ ഓളം തല്ലുന്ന 

ഇത്തിരി വെള്ളത്തിൽ

പരലുകളോടി നടന്നു


നേരം പുലർന്നു. 

രാ കടൽക്കാക്കകൾ

അയാളുടെ കൺപരലുകളെ

റാഞ്ചി പറന്നു. 

തീരമണഞ്ഞ വഞ്ചിയുടെ 

പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്

ഇത്തിരി വെള്ളത്തിൽ

കുഞ്ഞുകാലുകളിളക്കി

അയാളുടെ കുഞ്ഞുങ്ങൾ

പരലുകളെ തിരഞ്ഞു. 


അയാളപ്പോൾ

പൊട്ടിയ ഇരുട്ടിൻ്റെ കണ്ണികൾ

തുന്നുകയായിരുന്നു.

ഇരുൾക്കണ്ണികൾ ഭേദിച്ച

പരലുകൾ 

വാനമാകെ നിറഞ്ഞിരുന്നു.


വാനമപ്പോൾ

മഴ വീശിയെറിഞ്ഞു. 

മഴക്കണ്ണികളിൽ പൊതിഞ്ഞ്

അയാളും

കുഞ്ഞുങ്ങളും

അയാളുടെ ഓലക്കുടിലും. 


വലയിലിപ്പോൾ 

നിറയുന്ന ജീവൻ്റെ പിടച്ചിൽ



Thursday, 10 October 2024

ഇപ്പോൾ കിട്ടിയ വാർത്ത

 ഇപ്പോൾ കിട്ടിയ വാർത്തയിൽ

പത്രക്കടലാസിൽ 

അയാൾ കമിഴ്ന്നു കിടപ്പുണ്ടായിരുന്നു;

ചുറ്റും ചോരക്കളം തീർത്ത്

പുറകിലൊരു കഠാര

എഴുന്നു നിൽപ്പുണ്ടായിരുന്നു.



പേർ അത്രമേൽ സുപരിചിതം

ഇൻസെറ്റിലെ പടത്തിലെ മുഖം,

അത്രമേൽ സുപരിചിതം. 

എന്നാലോ..

വാർത്തയിലെ അയാൾ 

ഒട്ടും പരിചിതനല്ല.


നോക്ക്, ഇത് നിങ്ങളല്ല

കള്ളക്കടത്തുമാഫിയ അംഗത്തിന്

സ്വർണ്ണക്കടത്തിനിടയിൽ കുത്തേറ്റെന്ന

പത്രവാർത്തയിൽ കമിഴ്ന്നു കിടക്കാതെ, 

എൻ്റെ  കൈപിടിച്ചെഴുന്നേൽക്ക്.

ഈ വാർത്തയിൽ

നിങ്ങളില്ല എന്ന് 

ഉറക്കെയലറ്


വിറക്കുന്ന എൻ്റെ കൈ 

അയാൾ പിടിച്ചില്ല

ഇത് 'മുൻ കൂട്ടിയെഴുതപ്പെട്ട'തെന്നും

'നിനക്കു തിരുത്താനാവാത്തതെന്നും'

അയാളുടെ നിശ്ശബ്ദത 

കമിഴ്ന്നു കിടന്നു.


പകച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 

എൻ്റെ മൊബൈൽ ഫോൺ എവിടെ?

ഇന്നലെ രാത്രിയിൽ കൂടെയിറങ്ങി വന്ന 

കാമിനിയെവിടെ?

അവൾ കൊണ്ടു വന്ന ബാഗും 

ഞങ്ങൾ വന്ന ബൈക്കുമെവിടെ?


അയാൾ പരതിയോടി,

കഠാരക്കുത്തേറ്റ് 

ചോരയൊലിപ്പിച്ചു കിടന്ന

പ്രഭാതവാർത്തയിൽ 

അനക്കമറ്റുവീണുപോയ നിഴലിനെ

പിന്നിലുപേക്ഷിച്ച്

Friday, 16 August 2024

സ്റ്റോപ്പില്ലാത്തിടത്തു നിന്നും ചാടിക്കയറുന്നവർ

 സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്ന്

പെട്ടെന്നാണൊരുവൾ

വണ്ടിക്കകത്തേക്ക്

ചാടിക്കയറിയത്.

വെപ്രാളത്തിനിടയിൽ

പിടിവിട്ട്

ഭാരമേറിയ അവളുടെ ഷോൾഡർ ബാഗ്

പുറത്തേക്ക് തെറിച്ചു വീണു.

സ്വാഭാവീകമായും അവൾ

ആദ്യം സ്തബ്ധയായി

പിന്നെ വിഷണ്ണതയോടെ 

വണ്ടിക്കകത്തെ

ഒന്നാമത്തെ സീറ്റിൽ ഒന്നാമതായിരിക്കുന്ന 

ആളെ നോക്കി.

അയാളുടെ മുഖത്ത് ചിരി.

രണ്ടാമത്തേയാളുടേയും 

മൂന്നാമത്തെയാളുടേയും മുഖത്ത് ചിരി

നാലാമത്തെയാളുടേയും അഞ്ചാമത്തെയാളുടേയും

മുഖത്ത് ചിരി

ഒന്നാമത്തെ ബോഗിയും

രണ്ടാമത്തെ ബോഗിയും ചിരി

മൂന്നാമത്തെ ബോഗിയും നാലാമത്തെ ബോഗിയും ചിരി

തീവണ്ടി മുഴുവൻ ചിരി

അവളോ ചിരിയോചിരി


ചിരിച്ചുചിരിച്ചുകിതച്ച്

താളത്തിൽ

മെല്ലെ നീങ്ങുന്ന വണ്ടിയും

വണ്ടിയിൽ ചിരിച്ചുനീങ്ങുന്നവരും

പ്രതീക്ഷിക്കുന്നുണ്ട്,

സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്നും

മറ്റൊരുവനോ മറ്റൊരുവളോ

എപ്പോൾ വേണമെങ്കിലും 

വണ്ടിയിലേക്ക് ചാടിക്കയറാമെന്ന്

സ്വാഭാവീകമായും അവരുടെ തോൾസഞ്ചി

പിടിവിട്ടു താഴെ വീഴുമെന്ന്.

സ്വാഭാവികമായും ട്രെയിൽ നിറയെ

അപ്പോഴുമൊരു ചിരിയുണ്ടാകുമെന്ന്.

സ്വാഭാവികമായും

ആ ചിരി

അപ്പോൾ വണ്ടിയിൽ ചാടിക്കയറിയവനിലേക്ക്/ അവളിലേക്ക്

സംക്രമിക്കുമെന്ന്.

അവരുടെ 

ചിരിതാളങ്ങൾ കൂടി അവാഹിച്ച് 

മന്ദം നീങ്ങിക്കൊണ്ടിരിക്കും,

ഒരിടത്തും സ്റ്റോപ്പില്ലാത്ത ആ ട്രെയിനെന്ന്



 

Wednesday, 7 August 2024

ആവേഗം

തികച്ചും സാധാരണമായിരുന്നു, 

ആ വൈകുന്നേരവും

പ്രണയം മറന്നുപോയ

അയാൾ

അന്നും പതിവുപോലെ

ദിനാദ്ധ്വാനവിയർപ്പ്

വീശിവീശിയാറ്റിക്കൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ ഭാര്യ

അടുപ്പൂതിയൂതി

പുക നിറച്ചുകൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ പിതാവ്

മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിച്ച് 

തെക്കോട്ടു നോക്കിയിരിക്കുകയോ ചെയ്തിരുന്നു,

പ്രണയം മറന്നുപോയ

അയാളുടെ അമ്മ

പുല്ലു വെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തിരുന്നു.

പ്രണയമെന്തെന്നറിയാത്ത

അയാളുടെ കുഞ്ഞുങ്ങൾ

തേഞ്ഞുതീർന്ന റബ്ബർച്ചെരുപ്പിൻ്റെ

ഒറ്റച്ചക്രവണ്ടിയോട്ടി 

കളിച്ചു കൊണ്ടിരുന്നു.


ശേഷം 

പ്രകൽ മാഞ്ഞു

രാത്രിയായി

രാത്രി മാഞ്ഞു

പകലായി


തികച്ചും അസാധാരണമായിരുന്നു, 

ആ ദിവസം

എങ്ങും പ്രണയക്കാറ്റടിച്ചിരുന്നു.

അയാളന്ന് വിയർത്തില്ല.

ഭാര്യ അടുപ്പൂതിയില്ല.

അച്ഛൻ മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിക്കുകയോ ചെയ്തില്ല

അമ്മ പുല്ലുവെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തില്ല

കുഞ്ഞുങ്ങളെ ആരും

ഉറക്കെഴുന്നേൽപ്പിച്ചില്ല.


നാളേറെയായി ഒതുക്കിവച്ച

പ്രണയാവേഗങ്ങൾ

കടിഞ്ഞാൺ പൊട്ടിച്ചു കുതിച്ച 

തലേ രാത്രിയിൽ

ഉറങ്ങാതൊരു മലയും പുഴയും

തമ്മിൽ കെട്ടിപ്പുണർന്നു പുണർന്ന്

മണ്ണുനീളെ 

പുതിയ സ്നേഹഗാഥകൾ

രചിച്ചൊഴുകി.


പെയ്തുതോർന്ന

പ്രണയത്തിനൊടുവിൽ

പുഴ

അമ്മഭാവം പകർന്നു.

തൊട്ടിലാട്ടി.

താരാട്ടുപാട്ടിലലിഞ്ഞ്

അവരെല്ലാം

ഉറക്കമുണരാതുറങ്ങി.









Thursday, 18 July 2024

നിശ്ചലമാണ്

ലോകം നിശ്ചലമാണ്


കാറ്റുവീശുന്നുണ്ട്

പുഴയൊഴുകുന്നുണ്ട്

കിളി പാടുന്നുണ്ട്

ഇലകളാടുന്നുണ്ട്

എന്നിട്ടും

എങ്ങും നിശ്ചലമാണ്.


ട്രെയിൻ പായുന്നുണ്ട്

കുതിരവണ്ടി കുതിക്കുന്നുണ്ട്

തെയിംസിലൂടൊരു കപ്പൽ 

തീരമടുക്കുന്നുണ്ട്.

റ്റവർ ബ്രിഡ്ജിനെ 

റാഞ്ചിയെടുത്തൊരു

കടൽക്കാക്ക പറക്കുന്നുണ്ട്.

ബിഗ് ബെന്നിൻ്റെ സൂചിക്കാലുകൾ

സമയം തെറ്റാതോടുന്നുണ്ട്. 

ലണ്ടൻ ഐയ് ചക്രം

മെല്ലെ ചലിക്കുന്നുണ്ട്.

എന്നിട്ടും 

ഈ നിമിഷം നിശ്ചലമാണ്. 


ഹൃദയത്തിൻ ഫ്രെയിമിട്ട

ചിത്രത്തിനുള്ളിൽ

നീ നിശ്ചലമാണ്.

കരവലയത്തിലൊതുക്കി നീ

നെഞ്ചോടു ചേർക്കുന്ന

ഞാൻ നിശ്ചലമാണ്.

അസ്തമയവർണ്ണങ്ങളിൽ ബ്രഷ് മുക്കി

സൂര്യൻ വർക്കുന്ന

നമ്മുടെ ചിത്രം നിശ്ചലമാണ്.

നമുക്കിടയിൽ ചുരുങ്ങിയൊതുങ്ങിയ

ദൂരം നിശ്ചലമാണ്.

സ്ഥൈര്യമറിയാത്ത കാലം മാത്രം

ആ ഫ്രെയിമിനെ തൊട്ടനക്കാതെ

വഴിമാറിയോടുന്നു.

കാറ്റുവീശുന്നു

പുഴയൊഴുകുന്നു

കിളി പാടുന്നു

ഇലകളാടുന്നു

എന്നിട്ടും

നിൻ്റെ നെഞ്ചോടൊട്ടിയ രൂപത്തിൽ

എന്നെ വരച്ചുചേർത്ത ചിത്രത്തോടൊപ്പം

എല്ലാം

നിശ്ചലം നിൽക്കുന്നു.



Thursday, 11 July 2024

ബുക്ക്മാർക്ക്

സായാഹ്നം.

വായനാമുറി.

ഷെൽഫിൽ അലസമിരിക്കുന്നു,

പുസ്തകങ്ങൾ.


വലിച്ചെടുത്തു തുറക്കുമ്പോൾ

ഒന്നിൽ,

ചിറകുവിരിച്ചുപറന്നയിടങ്ങളെ

അടയാളപ്പെടുത്തി,

ഒരു തൂവൽ.


കാറ്റ്,

പൊഴിഞ്ഞ ചിറകുകളെ

കൂട്ടിച്ചേർക്കുന്നു

അറിയാതെപോയ ദൂരങ്ങളിലേക്ക്

പറത്തുന്നു.

അകലെ,

ചക്രവാളങ്ങൾ തേടി.

ഒരു പക്ഷി പറന്നു പോകുന്നു.


നീലയിൽ, മഞ്ഞയിൽ, ചുവപ്പിൽ, ഓറഞ്ചിൽ

ചക്രവാളമിപ്പോൾ

താളുകൾ മറിക്കുന്നു.

ഒരു താളിൽ നിന്നും മറുതാളിലേക്ക്

തുടർച്ചയായി

പക്ഷികളെ വായിക്കുന്നു.

അവസാനകിളിയേയും വായിച്ച്,

പുസ്തകമടക്കുമ്പോൾ,

വായനാമുറിയുടെ

പടിഞ്ഞാറോട്ട് തുറക്കുന്ന ജാലകങ്ങൾ അടച്ച്

ഞാനെൻ്റെ

ചാരുകസാലയിൽ

ചാഞ്ഞിരിക്കുന്നു.


ധ്രുവങ്ങൾ ചുറ്റിവന്ന

ഒരു പറ്റം ദേശാടനക്കിളികൾ

ഒരിക്കലുമടയ്ക്കാത്ത കിഴക്കേ ജന്നലിലൂടെയപ്പൊൾ

കൂട്ടത്തോടെ പ്രവേശിക്കുന്നു.

നെഞ്ചിൻകൂട്ടിൽ

ചേക്കേറുന്നു.

ചിറകുകളൊതുക്കിയൊരു നിദ്ര 

കണ്ണുകളിൽ

കൊക്കുരുമ്മുന്നു.

തുറന്നുവച്ച പുസ്തകമൊന്ന്

നെഞ്ചോടു ചേർത്ത്

ഞാൻ മയങ്ങുന്നു.


പ്രപഞ്ചം എന്നിലൊരു 

തൂവലടയാളം വയ്ക്കുന്നു.


Tuesday, 9 July 2024

പുലരിയിൽ

 പുലരിയിൽ

നീയുണരും

കണികാണും

കണിക്കൊന്നപ്പൂ കാണും

വെളിച്ചം ചിരിക്കുന്ന

നാട്ടുവഴി കാണും

തെങ്ങോലകളിൽ

മഞ്ഞവെയിൽ കാണും

ഉണർത്തുപാട്ടു പാടും,

കിളിയെക്കാണും.

ഇലകളിൽ

മഞ്ഞിൻ കണങ്ങൾ കാണും

ഹിമമാല കോർക്കുന്ന

മരങ്ങൾ കാണും.

തോണിപ്പാട്ടു തുഴയും,

പുഴയെ കാണും.

ഓളങ്ങളിൽ

കണ്ണാടിവെളിച്ചം കാണും.


ഒരു കാപ്പിക്കപ്പിൻ്റെ

ആവിക്കു മറവിലൂടപ്പോൾ 

ഞാൻ നിൻ കണ്ണിൻ 

നനവിൽ തൊടും.

പിന്നെ കവിളിൽ,

ചുണ്ടിൻ്റെ കോണിൽ,

താടിയിൽ,

കഴുത്തിൽ

പിന്നെ നിൻ്റെ

ഇടനെഞ്ചിൽ വീണു ഞാൻ

അലിഞ്ഞുമായും.

അപ്പോൾ

ചുടുകാപ്പിക്കപ്പിൽ നീ

എന്നെ മുത്തും.



Friday, 5 July 2024

ഷഷ്.......


കരിമുത്തുമാലയൊന്ന്

പൊട്ടി.

ചിതറിത്തെറിച്ച്

മുത്തുമണികൾ 

നൃത്തം ചെയ്യുന്നു.


തിളങ്ങുന്നൊരു മുത്തെടുത്ത്

ചിറകുകളിൽ

തുന്നിപ്പിടിപ്പിച്ചു, ഒരു പറവ.


ഓളങ്ങളിൽ 

മുത്ത്‌ പതിപ്പിച്ചുപതിപ്പിച്ച്

കണ്ണാടി നോക്കുന്നു, അരുവി.


കണ്ണുകളിലൊളിപ്പിച്ചുവച്ച്

ആഴങ്ങളിലേക്ക് നീന്തുന്നു,

മൽസ്യങ്ങൾ.


കാൽനഖങ്ങളിലണിഞ്ഞ്

കാടു ചുറ്റുന്നു,

നായ്ക്കുട്ടി.


പൂവാടികൾ തോറും വിതറി

പരിമളമേറ്റുന്നു,

കാറ്റ്.



വാലിൻതുമ്പിൽ

കോർത്തുകെട്ടി,

തൊടിമുഴുവൻ തുള്ളിച്ചാടുന്നു,

പൈക്കിടാങ്ങൾ.


ഊഞ്ഞാലിലിരുത്തിയാട്ടി

ആകാശത്തെ പൊട്ടുതൊടുവിക്കുന്നു,

മാമരങ്ങൾ


ആഴങ്ങളിൽ

ഉപ്പുജലത്തിൽ

മുക്കിത്തോർത്തിയെടുക്കുന്നു,

ഭൂമി.


മരച്ചീനിത്തോട്ടങ്ങളിൽ   

പകൽച്ചൂട്‌ മായുമ്പോൾ

പൊടിയും

വിയർപ്പുമാറുമ്പോൾ,

കാൽ നീട്ടിയിരുന്ന്,

ചിതറിപ്പോയ മുത്തുകളെ

മടിയിൽ ഒരുമിച്ചുകൂട്ടി,

നൂലിൽ കോർത്തെടുക്കും,

കനവുകളിൽ, അവരുടെ

കറുത്ത അമ്മമാർ.


അമ്മമാറിൽ പറ്റിച്ചേർന്ന്

തിളങ്ങുന്ന മുത്തുമാലകൾ

ഇനിയുറങ്ങും.


ശബ്ദമുണ്ടാക്കരുത്.

ഉറക്കത്തിലും 

അവർ

പകൽബാക്കിയിലെ

നൃത്തമാടുകയാവും.

ഉണർന്നാൽ 

തടുത്തുകൂട്ടാനാവാത്ത വണ്ണം

വീണ്ടുമവർ 

പൊട്ടിച്ചിതറും.


ഷഷ്....... 

മസാക്കാകിഡ്സ് ഉറങ്ങുകയാവും.






Monday, 1 July 2024

ഫെയ്ല്യർ

 ഫാൻസി ലൈറ്റ്സ്‌ ഷോപ്പിനകത്തെ

ശീതളിമ.
റിമോട്ട്‌ കണ്ട്രോൾ ഓപ്പറേറ്റ്‌ ചെയ്ത്‌
ലൈറ്റുകൾ
മാറിമാറി തെളിക്കപ്പെടുന്നു.
എത്ര ശ്രമിച്ചിട്ടും
തെളിക്കാനാവാതെ
കോർണറിൽ
ഒറ്റപ്പെട്ട
പ്രിയപ്പെട്ട
ഒരു ലൈറ്റ്‌.
റിമോട്ട്‌ കണ്ട്രോൾ
ഞെക്കി ഞെക്കി തോറ്റ്‌, സ്റ്റാഫ്‌.
പ്രോഡക്റ്റ്‌ ഫെയ്ല്യറോ
സിസ്റ്റം ഫെയ്ല്യറോ
എന്നറിയാതെ
തിളക്കുന്ന ചൂടിലേക്കിറങ്ങുന്നു,
ഞാൻ.
എനിക്കു നേരേ
നീട്ടപ്പെടുന്നു,
ഒരു റിമോട്ട്‌ കണ്ട്രോൾ!!

മയക്കം

 ആസ്പത്രിവരാന്തയിൽ

വെയ്റ്റിംഗ്‌ ഏരിയായിൽ

ഊഴം കാത്തിരിക്കുന്നു.
പുതിയ ബഹുനിലക്കെട്ടിടങ്ങളാൽ
മുഖച്ചിത്രം മാറ്റി,
ആസ്പത്രി ചിരിക്കുന്നു.
കളർ ലൈറ്റുകളിൽ
പല നിറങ്ങളിൽ
പാവാട വിടർത്തുന്ന
ഫൗണ്ടൻ ജലം.
ഓരോ ഫൗണ്ടനരികിലും
അലങ്കാരപ്പനകൾ.
വെള്ളാരംകല്ലുകൾ
മുഖം മിനുക്കുന്ന
ഇടമുറ്റം.
പുറത്ത്‌
കത്തുന്ന നട്ടുച്ച.

ഉഷ്ണം
പാതി മയക്കുന്നു.
ചൂടുകാറ്റിൽ
മുടിയഴിച്ചിട്ട്
യക്ഷികൾ
ഭൂമി തൊടാതെ
പറന്നിറങ്ങുന്നു.
നഖവും ദംഷ്ട്രകളും
നീണ്ടിറങ്ങുന്നു.
ചോര മണക്കുന്ന
അട്ടഹാസങ്ങൾ
എന്നെ കോരിയെടുത്ത്‌
തിരികെ പറക്കുന്നു.
പനമുകളിൽ നിന്ന്
പല്ലും നഖവും മുടിയും മാത്രം
താഴെ വീഴുന്നു.
വീഴ്ചയുടെ ആഘാതത്തിൽ
മയക്കം വിട്ടുണരുന്നു.
വേച്ചുനടന്ന് ആസ്പത്രി വിടുമ്പോൾ
തിരിഞ്ഞു നോക്കുന്നു
ചിറിയിലെ ചോര തുടച്ച്‌
ആസ്പത്രി എന്നെ നോക്കി
കണ്ണിറുക്കിച്ചിരിക്കുന്നു.
കുറച്ചു പല്ലുകളും
നഖങ്ങളും
മുടിയും
കാറ്റിൽ പറന്നു പറന്നു പോകുന്നു

Saturday, 29 June 2024

നോക്കൂ.... ഇവിടെ പൂക്കാലമാണ്.

ജനൽച്ചില്ലിൽ 

വെയിൽച്ചൂട്.

ഷോപ്പിങ്ങ് ബാഗുമായി

പുറത്തിറങ്ങുമ്പോൾ

കുളിര്.

ജാക്കറ്റ് എടുക്കേണ്ടിയിരുന്നോ

എന്ന് ചിന്തിക്കുന്നു.


ചിന്തിച്ചത് മറവിയിലാക്കിക്കൊണ്ട്

മുന്നിലപ്പോൾ  ഒരു

ആഫ്രിക്കൻ സുന്ദരി.

അംഗവടിവുകളെ ഇറുകെപ്പുണർന്ന്,

കാൽമുട്ടുകൾക്ക് 

തൊട്ടു മുകളിൽ എത്തിനിൽക്കുന്ന

സ്ലീവ്ലെസ്സ് ഉടുപ്പ്.

'ഷീ ലുക്ക്സ് വെരി പ്രിറ്റി ഇൻ ദിസ് ഡ്രെസ്സ്' എന്ന്

അഭിനന്ദനത്തിൻ്റെ ചിരി 

മനസ്സിൽ മൊട്ടിടുന്നു.

ചുണ്ടിൽ പൂത്തുവിരിയുന്നു.

അപ്പോൾ

ആശങ്കയിൽ സുന്ദരി തിരിയുന്നു.

എൻ്റെ ചിരിയിലൊരംശം

പകുത്തെടുക്കുന്നു.

'ആർ യു ഓൾറൈറ്റ്?' ആശങ്ക കണ്ടു ചോദിക്കുന്നു.

'ജാക്കറ്റ് എടുക്കണമായിരുന്നോ എന്ന് ചിന്തിക്കുകയായിരുന്നു'

ആംഗലത്തിൽ മറുപടി.

'വെൽ..[കാരണം തണുപ്പാകാൻ സാധ്യതയില്ല]

'യെസ്,  ബട്ട് വൈ ഡു യു നീഡ് ദ ജാക്കറ്റ്?'

പള്ളിയിൽ പോകുന്നുവത്രേ.

കൈകളുടെ നഗ്നതയാണു വിഷയം.

'യു ലുക്ക് വെരി പ്രിറ്റി ഇൻ ദിസ് ഡ്രെസ്സ്'

അഭിനന്ദനത്തിൻ്റെ  പുഞ്ചിരിപ്പൂവിൽ നിന്ന്

ഒരു  വിത്തുവീണ്

പെട്ടെന്നാ ചുണ്ടുകളിലൊരു

പൂക്കാലം വിടരുന്നു.

ഒരേ പൂമഴയിൽ നനഞ്ഞ്

ഒരേ പൂമെത്തയേറി

രണ്ടുപേർ

ഏതാനും ചുവടുകളൊരുമിച്ചു വയ്ക്കുന്നു


ഹൈഹീൽഡ് ചെരുപ്പുകളിൽ

ആത്മവിശ്വാസത്തോടെ തലയുയർത്തി

ഇപ്പോഴെൻ്റെ മുന്നിലൂടെ

ഒരു പൂക്കാലം

നടന്നു പോകുന്നു.


ഇടറോഡ് മുറിച്ചുകടക്കാനൊരുമ്പെടുമ്പോൾ

ഒഴുകിവന്ന കാറിനായി 

ഒതുങ്ങിമാറി നിൽക്കുന്നു.

ഡ്രൈവിങ്ങ് സീറ്റിലിരുന്ന്

വൃദ്ധയായൊരു വെള്ളക്കാരി

നന്ദിപൂർവ്വം 

കയ്യുയർത്തിക്കാട്ടി,

എൻ്റെ ചുണ്ടിൽ നിന്നൊരു 

പൂവിതൾ

ഇറുത്തെടുക്കുന്നു.

ഡ്രൈവിങ്ങ് സീറ്റിലിപ്പോൾ

ഒരു നിറപൂക്കൂട!


സുഗന്ധവാഹിയായി

ഒരു  കാർ

ഓടിയോടിപ്പോകുന്നു.


ആദ്യമെത്തിയവർ ആദ്യം,

എന്ന മുറയ്ക്ക്

ബസ്സിലേക്ക് കയറുവാൻ

വഴിമാറിത്തന്ന,

ഷോപ്പിങ്ങ് ട്രോളിയുമായി നിന്ന,

മധ്യവയസ്കയായ 

യുറേഷ്യൻ സ്ത്രീയോട്

'ആഫ്റ്റർ യു' എന്ന്

കണ്ണു കൊണ്ട് ആഗ്യം.

അവരും വാങ്ങി,

എൻ്റെ ചിരിവിത്തുകൾ.


ബാങ്ക് കാർഡ് എടുക്കാൻ മറന്ന്

ബാഗിൽ തപ്പി, കാഷ് കാണാഞ്ഞ്

കുഞ്ഞിരിക്കുന്ന പ്രാമുമായി

ബസ്സിൽ നിന്നും തിരികേയിറങ്ങാൻ തുടങ്ങിയ

ഇംഗ്ലീഷ് യുവതിയോട്

'ഡു യു നീഡ് സം മണി' 

എന്നു ചോദിച്ച്, കൊടുക്കുമ്പോൾ

ഇതാ വിടരുന്നു,

എൻ്റെ ചുണ്ടിലെ അതേ പൂക്കൾ

അവളുടെ ചുണ്ടിലും!

ബസ്സിനുള്ളിൽ നിന്നപ്പോൾ

എല്ലാ കണ്ണുകളും

ഇറങ്ങി വന്ന്

ഓരോ ചിരിവിത്തും വാങ്ങി

സ്വന്തം ചുണ്ടുകളിൽ നട്ട്

നൊടിയിടയിൽ

ഓരോ പൂക്കാലം വിടർത്തുന്നു.


ഒരു പൂവാടിയിപ്പോൾ

ടൗണിലേക്കു സ്റ്റിയർ ചെയ്യുന്നു.


മുൻസീറ്റിലിരിക്കുന്ന 

ഇൻഡ്യൻ വേഷമണിഞ്ഞ വൃദ്ധ ചോദിക്കുന്നു,

'ഡു യു ഹാവ് ഇൻ്റർനെറ്റ്?

കുഡ് യു പ്ലീസ് ഫൈൻ്റ് എ പോസ്റ്റ് കോഡ് ഫോർ മി'

ഒറ്റക്കു ജീവിക്കുകയാണത്രേ.

മകൻ്റെ പുതിയ അഡ്രസ്സിലേക്കുള്ള യാത്രയാണ്.

ലക്ഷ്യത്തിൽ ബസ്സെത്തുമ്പോഴേക്കും

മകൻ്റെ വിശേഷങ്ങളുടെ 

പൂമഴയിൽ നനഞ്ഞു കുളിർന്ന്

ഞാനിങ്ങനെ...


ശേഷം,

ബസ്സിറങ്ങി,

ട്രൈവീലർ വാക്കറിൽ ബാലൻസ് ചെയ്ത്,

ഒരു പൂമരം

വേച്ചുവേച്ച് നടന്നു പോകുന്നു.


പൂവിത്തുകൾ

പുറത്തേക്കു തൂവി,

ബസ്സ് പിന്നെയും നീങ്ങുമ്പോൾ,

ചുറ്റുപാടും കണ്ണയക്കുന്നു.

ആഹാ...

എത്ര പെട്ടെന്നാണിവിടെല്ലാം 

പൂക്കളാൽ നിറഞ്ഞത്, 

എന്നതിശയിക്കുന്നു.


നോക്കൂ, നിങ്ങളോടാണ്.

ഇവിടെ പൂക്കാലമാണ്.

ഇവിടെയെല്ലാം നിറയേ

പൂക്കളാണ്.

ഇനിയുമെത്ര വസന്തങ്ങൾക്കുള്ള

പൂവിത്തുകളാണെന്നോ

ഇവിടെല്ലാം.. 







Wednesday, 26 June 2024

അടയാളം

നോക്കൂ

നിനക്കായുള്ള കമ്പളങ്ങളിൽ

ഞാനെന്നേ

പൂക്കൾ തുന്നിത്തുടങ്ങിയിരിക്കുന്നു.

നിൻ്റെ ചിരി ഉദിച്ചു നിൽക്കാൻ

നക്ഷത്രപ്പൂക്കൾ തുന്നിയ

ഇരുണ്ട ആകാശപ്പുതപ്പുകൾ

ഞാൻ മറച്ചുപിടിക്കുന്നു.

നീയുറങ്ങുമ്പോൾ

മെല്ലെ വന്ന്

പുതപ്പിക്കുന്നു.

നിറുകയിൽ ചുംബിച്ച്

പിൻവാങ്ങുന്നു. 

ഉണരുമ്പോൾ

ഞാൻ പുതപ്പിച്ച മാന്ത്രികക്കമ്പളവും

അതിലെ നക്ഷത്രങ്ങളും

നീ കാണുകയേയില്ല.

എന്നാൽ

നിൻ്റെ ചുണ്ടുകളിൽ

ഒരു ചുവന്നനക്ഷത്രപ്പൂവടയാളം

നീ കാണാത്ത വിധം

ഞാൻ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും.

നിഗൂഡമൊരു പുഞ്ചിരിയായ്‌

അതു നിന്നിൽ

ഉദിച്ചു നിൽക്കും.


പൊള്ളല്‍

പുഴയൊഴുക്കിനെ 

രണ്ടായ് മുറിച്ച്

പൊങ്ങിവന്നൊരു 

തുരുത്ത്,

വളര്‍ന്ന് പരന്ന്

കാക്കക്കാല്‍ത്തണല്‍ പോലുമില്ലാത്ത

മരുഭൂമിയായപ്പോള്‍

മണലില്‍ 

പുഴ കാച്ചിക്കുറുക്കിയുരുക്കിയ

ഉപ്പിന്റെ 

തീപ്പൊള്ളല്‍

മഴയുടെ കൂട്ടുകാരികൾ

അപ്പോഴാണു മഴ

പാറിപ്പറന്ന്

കുഞ്ഞുമോളുടെ

കയ്യിൽ വന്നിരുന്നത്.

കൂട്ടുകാരിയായത്.

കയ്യിലും കണ്ണിലും കവിളിലും

ഉമ്മ കൊടുത്തത്.

അവൾക്കൊപ്പം

കടലാസു വഞ്ചിയുണ്ടാക്കിക്കളിച്ചത്.

ഈർക്കിൽപ്പാലം പണിതത്.

തറയിൽ 

നനഞ്ഞ പൂക്കളമിട്ടത്.

 ഉടുപ്പ്

മുക്കിപ്പിഴിഞ്ഞത്.


ഓലക്കീറുകൾ മുകളിൽ തിരുകി,

താഴെ,

ചളുക്കു വീണ, 

പരന്ന ചരുവങ്ങളിലെ വെള്ളം

അമ്മ പുറത്തൊഴുക്കിയപ്പോഴാണ്

കുഞ്ഞുമോളുടെ കൂട്ടുകാരി

 വീടിനു പുറത്തും

അവളുടെ ഉമ്മകളിൽ നനഞ്ഞ

കുഞ്ഞുമോൾ

അകത്തുമായിപ്പോയത്.

എന്നിട്ടും 

പഴുതുകളുണ്ടാക്കി,

കാറ്റായി

നനവായി

കുളിരായി

അമ്മയറിയാതെ

കുഞ്ഞുമോളെ

പുണർന്നുകൊണ്ടേയിരിക്കുന്നുണ്ട്

മഴ.


അപ്പുറത്ത വീട്ടിലെ

അടഞ്ഞ ജനാലകളിലും

ബാൽക്കണിവാതിലുകളിലുമെല്ലാം 

മുട്ടിമുട്ടി വിളിച്ച്

മറുപടി കിട്ടാതെ

ഒടുവിൽ,

ചളി തെറിക്കാതെ

നനവു തൊടാതെ

കാറിൽ യാത്രപോകുന്ന

അവിടത്തെ കുഞ്ഞിമോളേയും,

അടച്ച കാർ ഡോറിൻ്റെ ചില്ലിൽ

അടിച്ചടിച്ചു കൂട്ടുകൂടാൻ വിളിക്കുന്നുണ്ട്

മഴ.