Monday, 30 December 2024

കള്ളൻ


നിദ്രപ്പാതി തുഴഞ്ഞ്‌

സ്വപ്നക്കായലിൻ നടുച്ചുഴിയിൽ

വട്ടം കറങ്ങുന്ന നേരത്താണ്

അവളറിയാതൊരു കള്ളൻ

അകത്തുകടന്നത്‌


അവന്റെ വരവിനെ

ഒറ്റുകൊടുക്കാൻ കാത്തിരുന്ന

കരിയിലകളുടേയും

മരഗോവണിയുടേയും

കാതുകൾ പൊത്തി

അവൻ
തൂവൽപ്പാദുകമേറി

പറന്നണഞ്ഞു.


അവളുടെ നിദ്രയിൽ

അവൾക്കു മാത്രം കേൾക്കാനെന്ന്

കള്ളം പറഞ്ഞ്

ദൂരെയൊരു രാപ്പാടിയപ്പോൾ

രാഗാർദ്രം പാടുന്നുണ്ടായിരുന്നു.


അവനൊപ്പം വന്നണഞ്ഞ

ചന്ദ്രരശ്മികൾ

സീഡാർ മരങ്ങളുടെ

ഇലച്ചില്ലകളാകെ നിറഞ്ഞ

മഞ്ഞുകണങ്ങളിൽ

വജ്രക്കല്ലുകൾ പതിപ്പിച്ചിരുന്നു.


ആവോളം മാമുണ്ട,

വിക്റ്റോറിയനമ്മയുടെ അരുമപ്പൈതലാം മാളിക

കോട്സ വേൾഡിൻ്റെ,

യുഗപരമ്പരകൾ മുദ്ര വച്ച

സുവർണ്ണക്കുപ്പായത്തിൻ മുകളാകെ

ചിമ്മിനിക്കടവായിലൂടെ

നിലാവിനെ കക്കിയൊഴുക്കിപ്പരത്തിയിരുന്നു.


അവളുടെ ഹൃദയവും മോഷ്ടിച്ച്‌

അവൻ തിരികെ പറന്നുപോയത്‌

മരംകോച്ചും തണുപ്പിൻ കമ്പളം പുതച്ച്‌

കാവൽ റോന്തുചുറ്റിയിരുന്ന

കാറ്റുമറിയാതെയാണ്.


ഏതൊരു കുറ്റകൃത്യവും

ഗൂഢമൊരടയാളം

പിന്നിലുപേക്ഷിക്കുമല്ലൊ


പിറ്റെന്നാൾ

കളഞ്ഞുപോയതിനെ തിരഞ്ഞുതിരഞ്ഞ്‌

മാളികമുഴുവനലഞ്ഞ അവൾ,

അവന്റെ ചിത്രതലത്തെ കണ്ടെത്തിയപ്പോഴേക്കും

ഒരു ചായക്കൂട്ടതിൽ

തട്ടിമറിഞ്ഞിരുന്നു.

നിറങ്ങൾക്കുള്ളിൽ മറഞ്ഞ

അവനെ

അന്നുമവൾ

തൂലികാനാരുകൾക്കിടയിൽ

തിരഞ്ഞുകൊണ്ടിരുന്നു.

Sunday, 22 December 2024

'ഇവനെ ഞാൻ അറിയില്ല'

നാൾവഴികൾ താണ്ടി

തേഞ്ഞുപഴകിയൊരു മരണവാർത്ത

മഞ്ഞിൻതണുപ്പു പുതച്ച്

എന്നെത്തേടിയെത്തിയപ്പോഴേക്കും

വല്ലാതെ വൈകിയിരുന്നു. 

മാസമെഴുതിയ ആകാരം

അഴിഞ്ഞുപോയിരുന്നു. 

എല്ലിൻ്റെ കാതൽ 

പൊടിഞ്ഞുതുടങ്ങിയിരുന്നു. 

കണ്ണുകളിലെഴുതിയ

സ്വപ്നഗാഥകളെ

പുഴുക്കൾ മണ്ണിനായ് 

പരിവർത്തനപ്പെടുത്തിയിരുന്നു. 

ചുണ്ടുകളിൽ ചിറകുവിടർത്തിത്തുടങ്ങിയ

പറക്കമുറ്റാത്ത ചുംബനങ്ങളെ

കഴുകുകാലുകൾ

റാഞ്ചിയെടുത്തിരുന്നു. 

ആലിംഗനപ്പാതിയിൽ മരവിച്ച

കൈകളുടെ അസ്ഥികൾ

ക്രൂശിതമെന്ന പോലെ

ഇരുപുറവും 

വിടർന്നു കിടന്നിരുന്നു.

ഏറെ പ്രഹരങ്ങളേറ്റ്

കഠിനപ്പെട്ടതിനാലാകണം

ചീഞ്ഞ മംസത്തുണ്ടായി ഹൃദയം 

ബാക്കിയായത്‌.


ആരുമറിയാതെപോയ

ഒരു മരണത്തിൻ്റെ 

അവശേഷിച്ച ഏകരേഖാപത്രമായ

ആ ഹൃദയവുമായി

ഞാനോടി.

അതിനുള്ളിൽ അപ്പോഴും 

ഉറയാതെ ബാക്കിയായ

ഒരു തുള്ളി പ്രണയത്തെ

ഓർമ്മകളുടെ ഇൻക്യുബേറ്ററിൽ

എടുത്തു വച്ചപ്പോഴേക്കും

അകലെയെവിടെയോ 

നിൻ്റെ പുലർക്കാലങ്ങൾ

കൂകിയുണർന്നിരുന്നു. 

നീയെന്നെ

മൂന്നാം വട്ടവും 

തള്ളിപ്പറഞ്ഞിരുന്നു.


Thursday, 12 December 2024

പ്രണയച്ചിന്ത്

കുടമണിയാട്ടിയും

കുളമ്പുകളനക്കിയും

പകലോൻ്റെ വണ്ടി

ഉരുണ്ടുരുണ്ട്

കുന്നുകൾക്കപ്പുറം

മറയുന്നു.

ദൂരെ

ശരരാന്തൽത്തിരി

മെല്ലെ നീട്ടി

ആകാശം 

കാത്തുനിൽക്കുന്നു,

മുറുക്കിച്ചുവപ്പിച്ച 

ചുണ്ടുകളോടെ,

നാണം തുടുപ്പിച്ച

വദനത്തോടെ.


കാണാമിപ്പോൾ

നിവരുന്ന

ലാവിൻ തിരശ്ശീലയ്ക്കുമപ്പുറം

കരിമ്പടം മെല്ലെ

കുടഞ്ഞുപുതയ്ക്കുന്നതും

ചുറ്റും

നക്ഷത്രപ്പൊടികൾ

ചിതറിത്തെറിയ്ക്കുന്നതും.

കാതോർത്തുനോക്കൂ

ദൂരെ നിന്നിപ്പോൾ

കേൾക്കാം

കാർമേഘം തുഴഞ്ഞുപാടുന്ന

തോണിപ്പാട്ടിനൊപ്പം

കാറ്റൊരു

പ്രണയച്ചിന്ത് മൂളുന്നതും

മഴയതിന്

താളം പിടിക്കുന്നതും







കളർ കോഡഡ്

 നീ

കളർ സ്പെക്ട്രത്തിലെ

ഒരു നിറം മാത്രമായ്

അടയാളപ്പെടുമ്പോൾ

നിന്നിലെ 

അതീന്ദ്രിയവർണ്ണവിന്യാസങ്ങളെ അറിയാൻ

ഞാൻ നിന്നിലേക്കോ

നീ എന്നിലേക്കോ

വഴി തെളിക്കേണ്ടത്?


എത്ര വർണ്ണക്കുടകളെയാണ്

നിൻ്റെ ലോകം

വിരിച്ചുപിടിച്ചിരിക്കുന്നത്!!

നീ

പറവകൾക്ക്

ചിറകുകളേകുന്നു.

നിൻ്റെ ചിരിക്കൊക്കൂണിനുള്ളിൽ നിന്നും

പൂമ്പാറ്റകൾ പറക്കുന്നു.

കണ്ണുകൾ ഭൂമിക്ക്

അച്ചുതണ്ടാകുന്നു.

രാത്രിക്ക് 

പൂച്ചപ്പാദുകങ്ങൾ ഊരിനൽകി,

നീയുറങ്ങുന്നു

പാതിരാവിലും നീ

സൂര്യനെയുണർത്താനായ്

കണ്മിഴിക്കുന്നു.

താമരപ്പൂക്കളെ

മിഴിപ്പൊയ്കയിൽ വളർത്തുന്നു.

ശരത്കാലതരുക്കൾക്കും

വർണ്ണക്കാവടി നീർത്തുന്നു.

എന്നിട്ടും

പലവർണ്ണരാജികളിൽ നിന്ന്

ഒരു നിറം മാത്രം ദാനമേകിയവർക്കും,

അതിരുകളില്ലാത്ത 

ആഹ്ളാദലോകത്തെ

വെറുമൊരു വൃത്തത്തിലേക്കൊതുക്കിയവർക്കും

നിൻ്റെ മിഴികളെന്തേ 

ഒരു നിമിഷത്തേക്കെങ്കിലും

കടമായ് നൽകിയില്ല?


ഒരിക്കലും

എൻ്റെ

വർണ്ണമില്ലായ്മയുടെ ലോകത്തേക്ക്

നീ വരരുത്.

വന്നാൽ തിരിച്ചറിയാൻ

ഞാനൊരു പച്ചറിബ്ബണടയാളം

അണിഞ്ഞിട്ടുണ്ടാകുമെങ്കിലും

ഒരേ പൊയ്മുഖമണിഞ്ഞവർക്കിടയിൽ

നിനക്ക് വഴി തെറ്റിയേക്കാം.

പകരം,

വലയങ്ങളിലൊതുങ്ങാത്തവർ

നിനക്കായ് വളച്ച

ആ വൃത്തത്തിലേക്ക്, 

വർണ്ണങ്ങൾ കൽപ്പിക്കപ്പെടാത്തവർ 

നിനക്കായ് കൽപ്പിച്ച

ആ വർണ്ണത്തിലേക്ക്,

'മെൻ്റലി റിട്ടാർഡഡ്' എന്ന് 

നിനക്ക് അടയാളക്കുറിയിട്ട,

അടയാളങ്ങങ്ങൾക്കതീതരായവരുടെ 

പ്രതിനിധിയായി

ഞാൻ വരാം. 

മുഖംമൂടിക്കകത്തും

മൂടിവയ്ക്കാത്ത എൻ്റെ കണ്ണുകൾക്ക്

നിൻ്റെ മനസ്സിൻ്റെ 

വർണ്ണവിശുദ്ധിയിലേക്കെത്തുവാൻ

ഒരു നേർരേഖ മാത്രം 

വരച്ചാൽ മതിയാകുമല്ലൊ.

Friday, 6 December 2024

കുഞ്ഞ്‌, കാട്‌. കവിതകൾ

1. അമ്മ

———-

'നോക്ക്‌... നോക്ക്‌....

തീയായ് മാടൻ

കുന്നിറങ്ങുന്നത്‌'

അവൾ പറഞ്ഞു.

അവർ  

കുന്നിനെ നോക്കി

പിന്നെ 

പരസ്പരം നോക്കി


'കേൾക്ക്‌... കേൾക്ക്‌..

ചാപിള്ളകൾ 

അലറിക്കരയുന്നത്‌'

അവൾ പറഞ്ഞു.

അവർ 

ചെവിയോർത്തുനോക്കി

പിന്നെ 

പരസ്പരം നോക്കി


എന്റെ കുഞ്ഞ്‌.. 

എന്റെ കുഞ്ഞ്‌ .. 

അവൾ കരഞ്ഞു.

അവർ അവളെ നോക്കി

പിന്നെ

പരസ്പരം നോക്കാനാവാതെ

തല കുമ്പിട്ടു.




2. കുഞ്ഞ്

—————

'കടൽ കാണണം'

കേട്ടില്ലപ്പൻ

'കടൽ കാണണം'

കേട്ടില്ലമ്മ

കുഞ്ഞിക്കണ്ണീർ

കാറ്റുകൊത്തി

കടലിലിട്ടു.

കണ്ണീരുവീണ്

കയ്പേറിയ കടൽ

കുഞ്ഞിനെക്കാണാൻ

കുടിലിലെത്തി,

കുഞ്ഞിക്കൈ പിടിച്ച്‌

കൊടുത്തൊരോട്ടം.

കൂടെപ്പോന്നൂ, ചാള.

കൂടെപ്പോന്നൂ, ചാല.

കണ്ടോ, കണ്ടോ

കടൽത്തിരയാകെയിപ്പോൾ

കുഞ്ഞുചിരി

കുണുങ്ങിയോടുന്നത്



3. കൺഫ്യൂഷൻ

----------------------------

കാടേറിയ നാട്

കാടിറങ്ങിയ കാട്

കാടേത്‌? നാടേത്‌?

കൺഫ്യൂഷൻ...

കൺഫ്യൂഷൻ...



4. കാവൽ

-----------------

'ഞാനുണ്ട്‌ കാവൽ'

കൊമ്പൻ മുൻപോട്ട്‌.

'ഞാനുണ്ട്‌ കാവൽ'

ജീപ്പ്‌ പുറകോട്ട്‌


'കാടിനെന്തിനു 

നാടിൻ കാവൽ. 

സില്ലി പ്യൂപ്പിൾ'

കൊമ്പൻ തിരിഞ്ഞു.


ജീവനും കൊണ്ട്‌

ജീപ്പും തിരിഞ്ഞു.


5. 'സേ ചീസ്'

--------------------------

ഉൾക്കാട്ടിൽ 

മരക്കൊമ്പിൽ 

മൊബൈലിൽ

സെൽഫി-  'സേ ചീസ്‌'

അങ്ങു താഴെ

ചിരിച്ചുകൊണ്ട്‌

കടുവ-  'സേ ചീസ്‌'

Thursday, 5 December 2024

ഒടി

കിണറാഴങ്ങളിലേക്കെത്തിനോക്കാൻ 

ഭയക്കുന്ന

കുട്ടിയെപ്പോലെ നീ,

ഒരു നോട്ടത്താൽ

ഒരൊറ്റ നോട്ടത്താൽ പോലും

ഉള്ളുകാണാതെ

എന്നും

പിൻതിരിയുന്നു.

ആഴങ്ങൾക്ക് മാത്രം

അനുഭവേദ്യമാക്കാനാകുന്ന

പായൽപ്പച്ച,

നീരിൻ തണുപ്പ്,

ഉയരങ്ങളിൽ വർണ്ണങ്ങൾ മാറ്റുന്ന 

ആകാശവട്ടത്തിൻ നേര്,

ഒന്നും കാണാതെ, 

അറിയാതെ പോകുന്നു.

ആഴങ്ങളെ ഭയക്കുന്നവനുള്ളതല്ല,

ഉയരങ്ങളും 

ഉയർക്കുതിപ്പുകളുടെ

അനൽപാനുഭൂതികളും.

ഒരെത്തിനോട്ടം മാത്രം 

മതിയായിരുന്നു എനിക്ക്,

നിന്നെയെൻ്റെ

ഒടിവിദ്യയിലകപ്പെടുത്താൻ.


ഞാൻ ഒടിവിദ്യക്കാരി

നൊടിനേരം കൊണ്ട്

ഒടിമറഞ്ഞ്

മാൻപേടയോ മയിൽപ്പേടയോ ആകാനും

മത്സ്യമോ മത്സ്യകന്യകയോ ആകാനും

പവനനോ പറവയോ ആകാനും

പൂവോ പൂമ്പാറ്റയോ ആകാനും

കഴിയുന്നവൾ.


കാമിതരൂപത്തിൽ

നിന്നെ

മോഹവലയത്തിലകപ്പെടുത്താനും

നീലത്താഴ്വരകളിൽ

നിന്നോടൊത്ത്

നിലാത്തളിരുണ്ട് നടക്കാനും

കടലിന്നടിത്തട്ടിലെ

പവിഴക്കൊട്ടാരങ്ങളിൽ

നിന്നോടൊത്തിളവേൽക്കാനും

കുളിർച്ചോലകൾക്കും 

പച്ചപ്പുൽപ്പരവതാനികൾക്കും മേൽ

നിനക്കൊപ്പം പറന്നു നടക്കാനും

കഴിയുന്നവൾ


എന്നാൽ

മാന്ത്രികച്ചേരുവകൾ നെറുകിൽ തൊട്ട്

എത്ര കാത്തിരുന്നിട്ടും

നോക്കിപ്പോയാൽ തെന്നിവീണു പോയെങ്കിലോ 

എന്നു ഭയപ്പെടുന്ന കുട്ടിയെപ്പോലെ

എൻ്റെ കണ്ണുകളുടെ 

ആഴങ്ങളിലേക്കു നോക്കാതെ

അടർന്നുമാറി

ശയ്യയറ്റത്തു പുറംതിരിഞ്ഞുകിടന്ന്

കിതപ്പും വിയർപ്പുമാറ്റി 

നീ ഉറങ്ങുന്നു.

മെത്തയുടെ ഇങ്ങേയറ്റത്ത്, പക്ഷെ

ആ നിമിഷം

ഞാനുണ്ടായിരിക്കയില്ല.

അതിനും എത്രയോ മുൻപേതന്നെ,

അതായത്

എൻ്റെ ശരീരത്തെ സ്പർശിച്ച്

നീ നിന്നിലേക്കു മാത്രം നോക്കുന്ന

നിൻ്റെ ഏറ്റം സ്വകാര്യനിമിഷത്തിൽത്തന്നെ

ഞാൻ 

മന്ത്രവിദ്യയാൽ

ഒടിമറഞ്ഞിട്ടുണ്ടാകും.

എൻ്റെ പ്രണയവനങ്ങളിൽ

ഏകയായൊരു ഹരിണമായ്

എന്നെത്തലോടുന്ന

കസ്തൂരിഗന്ധത്തിന്നുറവിടം തേടി

പതിവുപോലെ

അലയുന്നുണ്ടാകും.





Monday, 2 December 2024

വിതച്ചത്.. കൊയ്തത്

വിത്തു വിതച്ച്

നട്ടുനനച്ച്

മുള പൊട്ടിയോ എന്ന്

തളിരണിഞ്ഞോ എന്ന്

ഇല മലർന്നോ എന്ന്

പൂ വിടർന്നോ എന്ന്

കായ് വിളഞ്ഞോ എന്ന്

കണ്ണിമകളെ

കാവൽ നിറുത്തി,

ശാഖകളിൽ

ഉപശാഖകളിൽ

ജീവജലം

ഊറ്റി നൽകി

ഓരോ ഇലയിലും

ഓരോ തളിരിലും

ഹൃദയം കോർത്ത്

പെരിയൊരു പച്ച

വിരിച്ചെടുത്ത്

ഒടുക്കം

ദലത്തോളം

നിഴൽ തേടുന്നു.

കനിയോളം 

കനി തേടുന്നു.

പച്ച മങ്ങിമാഞ്ഞ

ഇരുൾ മിഴികൾക്ക്

ശൂന്യത

കാവൽ നിൽക്കുന്നു.



ശാഖോപശാഖകൾ

നിറയേ

ചിരിക്കുന്ന മുഖങ്ങളോടെ

ചുവർച്ചിത്രത്തിലപ്പോഴും

പന്തലിച്ചു നിൽക്കുന്നു,

പടുകൂറ്റൻ ഒരു

ഫാമിലി ട്രീ


Sunday, 1 December 2024

പേരിൻ്റെയന്ത്യം


പൂക്കളായ്

തരുക്കളായ്

മഴയായ്

വെയിലായ്

കിളിമൊഴികളായ്

ചിറകടികളായ്

അഴിയുറപ്പുള്ള

വാതിലില്ലാക്കൂട്ടിലേക്ക്

ശങ്കയില്ലാതെ

ഋതുക്കൾ വിരുന്നുവന്നിരുന്നപ്പോൾ

അതു സ്വയം

'സ്നേഹ'മെന്ന് വിളിച്ചിരുന്നു.


ഇരുമ്പുകൂടെന്ന് 

ആരൊക്കെയോ വിളിക്കുന്നതിനും മുൻപേ 

തകർന്നടിഞ്ഞ ചുവരുകൾക്കും

ജനവാതിലുകൾക്കും

മേൽക്കൂരകൾക്കും മേൽ

തൂവലുകൾ പൊഴിച്ചിട്ട്

ഒരു കാനനം പറന്നു പോയിരുന്നു.

സ്വയമൊരു പേരു ചൊല്ലി

വിളിക്കാനാവാത്ത വിധം

അതിൻ്റെ സ്വത്വം

തുരുമ്പെടുത്തുപോയിരുന്നു.


Wednesday, 27 November 2024

ഒന്നു ചോദിച്ചോട്ടേ?

 ചിത്രം വരച്ചു തുടങ്ങുന്നവരോടും

ചിത്രം വരക്കാൻ ആഗ്രഹിക്കുന്നവരോടുമായി

ഒന്നു ചോദിച്ചോട്ടേ?



ഏതു മീഡിയായാണ് 

നിങ്ങളുപയോഗിക്കുന്നത്?

ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്?


ഒരിക്കൽ ചായമിട്ട് പൂർത്തിയാക്കിയതിനു മേൽ

പുതുമകൾ വരച്ചുചേർക്കുമ്പോൾ

ഉമ്മറത്ത്  നിറം മങ്ങി മയങ്ങുന്ന

പഴമയുടെ ലാഞ്ചനകളെ

മുഴുവനായും മായ്ച്ചുകളയാനാകാത്ത

ജലച്ചായമാണോ

നിങ്ങളുടെ മീഡിയം?


ഉണങ്ങിയുറക്കാൻ സമയമെടുക്കുന്ന

എണ്ണച്ചായം?


മാന്ത്രികവർണ്ണങ്ങളോടെ

പെട്ടെന്നുണങ്ങിച്ചേരുന്ന

എക്രിലിക്?


മായ്ച്ചു വരക്കുമ്പോൾ

'ഇരുണ്ടുപോകട്ടെ ' എന്ന്

വെണ്മയെ ശപിച്ചിറങ്ങിപ്പോകുന്ന

ഗ്രാഫൈറ്റ് പെൻസിൽ?


ഉഗ്രപ്രതാപിയെങ്കിലും 

ക്ഷിപ്രകോപി ചാർക്കോൾ?


വർണ്ണാഭയോടെ കുടിയിരുത്തിയിട്ടും

ആ നിമിഷം മുതൽ 

ഒളിമങ്ങി അവ്യക്തമാകുന്ന,

ഫിക്സറ്റീവ് സ്പ്രേ കൊണ്ടുറപ്പിക്കാൻ ശ്രമിച്ചാൽ

ജീവച്ഛവമായിത്തീരുന്ന

സോഫ്റ്റ് പേസ്റ്റൽസ്?


ഇനിയുമുണ്ടല്ലോ

അനേകം മീഡിയാകൾ

ഏതാണ് നിങ്ങളുടേത്?


വരകളെ യഥാസ്ഥാനങ്ങളിലുറപ്പിച്ച്,

ജലച്ചായം പോലെ,

പഴയവയെ മുഴുവനായും

മാറ്റിയെഴുതാനാവാത്തവരോടല്ല,

തുടക്കക്കാരോടാണ് എനിക്കു പറയാനുള്ളത്.

നിങ്ങൾ റെഫർ ചെയ്യുന്ന

എണ്ണച്ചായ,ഏക്രിലിക് ചിത്രങ്ങൾക്കടിയിൽ

മറ്റനേകം ചിത്രങ്ങൾ

ഒളിച്ചിരിപ്പുണ്ടാകാമെന്നറിയാമോ?

ഒരിക്കൽ വരച്ചുപൂർത്തിയാക്കിയവയെ മറക്കാനും,

മങ്ങിയ ഒരു ഒളി കൊണ്ടുപോലും 

സാന്നിദ്ധ്യമറിയിക്കാതെ

തികച്ചും പുതിയ ഒന്നിനെ

മുഴുവൻ തികവോടെയും വരച്ചുചേർക്കാനും

അനുവദിക്കുന്നവയാണ്

ഈ മാദ്ധ്യമങ്ങൾ

എന്നു നിങ്ങൾക്കറിയാമോ?


കേൾക്കൂ

നിങ്ങളിൽ ചിലരുടെ 

കാൻവാസിൻ്റെ മൂലയിൽ

നിങ്ങൾ എണ്ണച്ചായത്തിൽ വരച്ച

ഒരു സൂര്യനുണ്ടാകാം.

അതിനു മുകളിൽ

പുതിയ ദീപാലങ്കാരങ്ങൾ

എഴുതിച്ചേർത്തോളൂ

നിങ്ങളുടെ പ്രദർശനചിത്രങ്ങളുടെ ആഴങ്ങളിൽ

ആർക്കും കാണാനാവാതെ

പ്രഭ തൂകി

എന്നെന്നേക്കുമായി

നിങ്ങൾ മറന്നു പോയ

ആ സൂര്യനുണ്ടാകും

എന്നും. 

സേവ് അവർ സോൾ

 തീ തുപ്പുന്ന വ്യാളീനാവ്

നഗരത്തെ നക്കിയെടുക്കുന്നതിനു

തൊട്ടുമുൻപ്

ആ കപ്പൽ

തീരം വിട്ടു.


തിരമാലകളതിനെ

ചുരുട്ടിയെടുത്തു.

കാറ്റും കോളും

എടുത്തെറിഞ്ഞു.

സൂര്യൻ അയനദിശകൾ

ഉത്തരദിക്കിലേക്കും ദക്ഷിണദിക്കിലേക്കും

പലവട്ടം തിരിച്ചു.

ഒടുവിൽ

അറബിക്കടലിൻ്റെ 

കിഴക്കൻതീരങ്ങൾ 

ആ യാനത്തെ

മണലിലുറപ്പിച്ചു.

അകത്തു കുടുങ്ങിപ്പോയ

കുടുംബത്തെ 

നെഞ്ചോടു ചേർത്തു.


കപ്പൽ വീണ്ടെടുത്ത

പുതിയ ഉടമ

അതിനുള്ളിലെ കുടുംബത്തെ

ആരും കാണാതൊളിപ്പിച്ചു.

പിന്നെ ഇടക്കിടെ 

പുറത്തെടുത്ത്

മുറുക്കിയടച്ച കണ്ണാടിക്കുപ്പിയുടെ

പായലടർന്ന തെളിച്ചം 

കാട്ടിക്കൊടുത്ത ചിത്രത്തിലെ

ചുവന്നുതുടുത്ത മുഖമുള്ള ബാലനിൽ

തൻ്റെ മുഖം നോക്കി.

അരികത്തു ചിരിതൂകുന്ന

മാതാപിതാക്കളെ നോക്കി.

അമ്മക്കയ്യിലിരുന്നുചിരിക്കുന്ന

കുഞ്ഞനുജത്തിയെ നോക്കി.

'സേവ് അവർ സോൾ' എന്ന

നിലവിളിക്കുറിപ്പിലെ

രക്തക്കറ നോക്കി.



തീതുപ്പുന്ന വ്യാളികൾ 

അകലങ്ങളിൽ

പെറ്റുപെരുകുന്നതിൻ്റെ

മുരൾച്ചകൾ അവൻ കേട്ടു

ഭൂപടങ്ങളെ ചുട്ടുതിന്നും

വിശപ്പൊടുങ്ങാതെ

അവ

പുതിയ ഇടങ്ങൾ തേടി

അടുത്തടുത്തു വരുന്നതും

അവനറിഞ്ഞു.



പ്രതിരോധത്തിനായി

കുഞ്ഞുകൈകൾ

ഏറ്റവും മൂർച്ചയേറിയ 

ആയുധമെടുത്തു.

പിന്നെ

മായാത്ത മഷിയിൽ മുക്കി

തൻ്റെ ഹൃദയത്തിൽ

അന്നത്തെ ദിനക്കുറിപ്പ്

പകർത്തിവച്ചു.

വാക്കിൻ മൂർച്ചയെ

മാറ്റുരച്ച്

ഇളംഹൃദയം മുറിഞ്ഞു.

മുറിവിൽ നിന്ന്

ചോരയിറ്റ്

അവന്റെ ചരിത്രത്താളുകളിൽ

ഉണങ്ങാത്ത കറ പടർന്നു.


Sunday, 24 November 2024

രണ്ടാം ബോഗിയിൽ നടന്നത്

തിരക്കിട്ട് 

കയറിയതു മുതൽ

ആറു സ്റ്റേഷനുകൾക്കിപ്പുറം

ഇറങ്ങുന്നതു വരെ

രണ്ടാമത്തെ ബോഗിയിൽ നടന്നതൊന്നും

അവൾ കണ്ടതേയില്ല.


ബോഗിയിൽ അതിനകം

ഇടതു വിൻ്റോസീറ്റിലിരുന്ന യുവാവ്

അയാളുടെ ചുണ്ടുകളെ തേടിയെത്തിയ

തുടുത്ത അധരങ്ങളിലേക്ക്

അൽപ്പം കുനിഞ്ഞ്

ആദ്യചുംബനത്തെ 

ചേർത്തു വച്ചിരുന്നു. 


തൊട്ടടുത്തൊരാൾ

സാരിത്തലപ്പിൻ്റെ മൃദുലതയിൽ

വർഷങ്ങളെ പുതച്ച്

അമ്മക്കാലിൽ വട്ടപ്പിടുത്തമിട്ടിരുന്നു.



പൂമാല ചാർത്തിയ

ചിത്രത്തിനരികിലെ

ചലനമറ്റ കണ്ണുകളെ

കണ്ണീർ തൊട്ടടച്ച്,

നെഞ്ചിലെ പൊള്ളലിൽ

തലചേർത്തുറങ്ങുന്ന

ഇളം മേനിയിൽ

തലോടിക്കൊണ്ടിരുന്നു,

മറ്റൊരാൾ


അറ്റമിരുന്ന 

യുവകോമളൻ

പൂവിരിച്ച മെത്തയിലേക്ക്

പൂവിനേക്കാൾ ലോലമായ

രണ്ടു കൈകൾ പിടിച്ച്

തന്നോടുചേർത്തിരുത്തിയിരുന്നു.


വലതു വിൻ്റോസീറ്റിലിരുന്ന

പ്രായമേറിയ അമ്മ

അന്തിച്ചുവപ്പു പോൽ കലങ്ങിയ

ലിപ്സ്റ്റിക്കിനും ചാന്തുപൊട്ടിനുമൊപ്പം

കയറി വന്ന

വിയർപ്പു നാറുന്ന പൂമണത്തെ

തളരാത്ത ഇടം കയ്യാൽ

തന്നോട് ചേർത്ത്,

കോരിയൂട്ടിയ കഞ്ഞിയിൽ

പശിയാറ്റിയിരുന്നു.


അതിനരികിലിരുന്നൊരുവൾ 

കഴച്ചുകിനിയുന്ന മുലപ്പാലും

വേദനയും പിഴിഞ്ഞൊഴിച്ച്,

മാറിൽ പൂമാല ചുറ്റി,

നീലിച്ചുമരവിച്ച ഇളം ചുണ്ടുകളിലേക്ക്

ഓർമ്മകൾ ഇറ്റിച്ചുകൊണ്ടിരുന്നു.



പുതുറിസോർട്ടിൻ്റെ

മറവിയിലുറങ്ങുന്ന

പഴയ തറവാടിൻ മുറ്റത്ത്

പൂമഴ നനഞ്ഞ്

മുത്തശ്ശിക്കൈ ചൂടി

പിച്ച നടന്നിരുന്നു,

ഇനിയൊരുവൾ


നഗ്നശിരസ്സ്

സാരിയാൽ മറച്ച്

തൊട്ടടുത്തിരുന്നവൾ,

ജീവൻ കരമായ് ചോദിച്ചപ്പോൾ

നങ്ങേലിയായവൾ,

അപ്പോൾ 

പ്രതിഷേധം മറന്ന്,

പൂവിൻ ഭാരത്താൽ

നമ്രശിരസ്കയായി

വിവാഹമണ്ഡപത്തിലേക്ക്

ലജ്ജയോടെ 

ചുവടുകൾ വച്ചിരുന്നു.



പൂക്കൂട തലയിലേന്തിയിട്ടും

ജനാലയിലൂടെ വീശിയടിച്ച കാറ്റിൽ

വിശപ്പു മാത്രം മണത്ത,

ഒരുവൾ

ഇതൊന്നും കാണാതെ

ആറാമത്തെ സ്റ്റേഷനിലിറങ്ങി 

തിടുക്കത്തിൽ നടന്നു.


അകലെ മാർക്കറ്റ്

അവളുടെ

പൂമണം മുഴുവൻ

വാരിയണിഞ്ഞിട്ടും

അവളിൽ നിന്നും

ഏറെ ഓടിയകന്ന

രാണ്ടാം ബോഗിയിൽ

കണ്ണീരും ചിരിയും പൊഴിച്ച്

അപ്പോഴുമൊരു മുല്ലപ്പൂക്കാലം

പൂ പൊഴിച്ച് നിന്നു.


Friday, 22 November 2024

മറുകുറി

ഒരു മടക്കുകടലാസിനുള്ളിൽ നീ

എന്തിനെയൊക്കെയാണ്

അടക്കം ചെയ്തത്‌!


വീശിയടിച്ച ഒരൊറ്റ വാക്ക്

ഉണ്ണിവിരിഞ്ഞ

എത്ര പൂങ്കുലകളെയാണ്

തല്ലിക്കൊഴിച്ചത്‌!


വരമ്പുകൾ കാണാതെ

നൂറുമേനി കൊയ്ത കിളികൾ

ഇപ്പോഴെവിടെയാണ്?


നമ്മുടെ വെളിച്ചത്തെയാകെ

ആഹരിച്ച 

രാഹുകേതുക്കൾ

രാശിചക്രങ്ങളിലെ 

ഏതേതു കോണുകളിലാണ്

പുറം കാട്ടി നിൽക്കുന്നത്‌?


നീയയച്ച ശവമഞ്ചം

ഞാൻ

ഒപ്പു ചാർത്തി കൈപ്പറ്റിയിരിക്കുന്നു. 

എന്നെയതിലടക്കം ചെയ്ത്‌

കത്തുമടക്കുന്നു. 


കുന്നിമണിച്ചെപ്പ്

എത്താക്കൊമ്പിൽ 

പൊട്ടിമലർന്ന

കുന്നിക്കായിനെ

എത്തിപ്പിടിക്കുന്നു.


തുടുതുടുത്ത മുഖത്തെ

കറുകറുത്ത കണ്ണുകളിൽ 

പിടിതരാതൊരു നാണം

ഒളിച്ചുകളിക്കുന്നു


എൻ്റെ ചിരിയിപ്പോൾ

കുന്നിമണിച്ചെപ്പ്

കിലുക്കിക്കിലുക്കി

ഒറ്റച്ചക്രവണ്ടിയോട്ടുന്നു.

Thursday, 21 November 2024

അടയ്ക്കാൻ മറന്ന്....

 

എന്നേ തുറന്നതാണാ പെട്ടി.

അടയ്ക്കാൻ മറന്നിരുന്നു.


ചിതറിക്കിടപ്പുണ്ടെല്ലായിടത്തും

മഞ്ചാടിക്കുരുക്കൾ,

കുപ്പിവളപ്പൊട്ടുകൾ,

വാനംകാണാ മയിൽപ്പീലി,

കാണാതെ പോയതിൻ ബാക്കി

ഒറ്റക്കൊലുസ്സ്‌,

തുണ്ടുക്രയോണുകൾ,

കുത്തിവരച്ച ചിത്രങ്ങൾ,

നൈലോൺമുടി കൊഴിഞ്ഞ

ഉടുപ്പില്ലാപ്പാവ,

വെള്ളാരംകണ്ണുരുട്ടുന്ന

രോമപ്പൂച്ച


ഇന്നും തുറന്നിരിപ്പുണ്ടാ പെട്ടി

അടയ്ക്കാൻ മറന്ന്


Tuesday, 19 November 2024

ബുദ്ധശലഭത്തിൻ്റെ ധ്യാനവഴികൾ

ഓർമ്മകളേ...

പട്ടുനൂൽക്കെട്ടുകളിൽ

ചുറ്റിപ്പിണഞ്ഞ്

എന്തേയിങ്ങനെ

അശ്രാന്തസഞ്ചാരം നടത്തുന്നു.


ഗൗതമൻ്റെ

സഞ്ചാരവഴികളിലിപ്പോൾ

ഒരു ചിറകടി

കേൾക്കുന്നില്ലേ?


ഉപേക്ഷിക്കപ്പെട്ട കൂട്ടിലെ

കിളിച്ചൂടേൽക്കാതെ

പട്ടുപോയ മുട്ടകൾ പോലെ

പൊഴിച്ചിട്ട ചിത്രവർണ്ണങ്ങൾ 

കാണുന്നില്ലേ?


പറന്നകലുമ്പോൾ

ചൂടിൻ കമ്പളം

എടുക്കാൻ മറന്നതല്ല;

എടുക്കാൻ മടിച്ചതാണ്.


അത്രമേൽ ലോലമാകേണ്ടതുണ്ടല്ലോ

ധ്യാനമാർഗങ്ങളിലെ 

ശലഭച്ചിറകുകൾക്ക്



Wednesday, 13 November 2024

കനമില്ലാതെ....

അലയുന്നുണ്ട്‌...

എന്തിനീ യാത്രയെന്ന

ഏതാണു ലക്ഷ്യമെന്ന

മുൾമുനകളിൽ നിന്ന്

പൊങ്ങിപ്പറന്ന്

പഞ്ഞിപ്പതുപതുപ്പ്

കാറ്റിൽ കലർത്തി

ഒരപ്പൂപ്പൻതാടി.


സ്വപ്നഭാരങ്ങളുടെ 

ചങ്ങാടക്കെട്ടിലെ യാത്ര

അവനുള്ളതല്ല.

വിളക്കുമാടത്തിലെരിയുന്ന

മാർഗദീപത്തിനെണ്ണയും

അവൻ പകർന്നതല്ല.


കാറ്റു പാകുമ്പോൾ

വീണുരേണ്ട വിത്തും

മരമായ്, കരുത്തായ്

ചൊരിയേണ്ട തണലും

പൂക്കളെ, കായ്കളെ 

പൊലിക്കേണ്ട കൈകളും

കിളിക്കൂടു നെയ്യുന്ന

ഇലച്ചാർത്തിൻ മറവും

ഭൂമിയെ പുണരുന്ന

വേരിൻ്റെ ചൂടും

തന്നിലുണ്ടെന്നത്

തന്നോടും പറയാതെ

ഒഴുകുകയാണവൻ

കൃതകൃത്യധന്യനായ്.


Sunday, 10 November 2024

എൻ്റെ ചങ്ങായീ......

എൻ്റെ ചങ്ങായീ.....

നിന്നോട് ഞാൻ കൂട്ട് വെട്ടി


നീ ഒന്നോർക്കണമായിരുന്നു,

വന്നു വിളിക്കുമ്പൊഴേ

ഒരെതിർപ്പുമില്ലാതെ

ഞാൻ ഇറങ്ങി വരുന്നുണ്ടെന്ന്.

നീ പോകുന്നിടത്തൊക്കെ

കൂടെത്തന്നെയുണ്ടെന്ന്.


എന്നിട്ടും എപ്പോഴും

പാതിവഴിയിൽ 

ഇരുട്ടിൽ

എന്നെ തനിച്ചാക്കി നീ

എങ്ങോ ഒളിക്കുന്നു.


ഒരു സമ്മാനമെന്ന 

മധുരം നീട്ടി

ഇന്നലെയും നീയെന്നെ 

അനുചാരിയാക്കി.

ആരും കാണാത്ത

രഹസ്യപ്പൂന്തോട്ടത്തിൽ

പൂക്കളും ലതകളും

കെട്ടിയ ഊഞ്ഞാലിൽ

ഇരുന്നാടുന്നൊരു

മാലാഖയുണ്ടെന്ന്

നീ എന്നോട് പറഞ്ഞത്

ഞാൻ വിശ്വസിച്ചു. 

കൂടെയിരുന്നാടാൻ

നീയെന്നെ ക്ഷണിച്ചു.


എൻ്റെ കണ്ണു കെട്ടി നീ

ഊഞ്ഞാലിലാട്ടി.

കാക്കത്തൊള്ളായിരം റോസാപ്പൂക്കൾ

ആ നിമിഷം അവിടെ 

ഒന്നിച്ചു വിരിഞ്ഞിട്ടുണ്ടാകണം. 

പൂമണത്തോടൊപ്പം

എൻ്റെ കൂടെ

ഊഞ്ഞാലാടിയിരുന്നത്

ആ മാലാഖ തന്നെയാവണം.

കാണാൻ ഞാൻ

കണ്ണുകളുടെ കെട്ടഴിക്കാൻ നോക്കി. 

നീയപ്പോൾ എന്നെ 

ഊഞ്ഞാലിൽ നിന്നു തള്ളിയിട്ട്

ഓടിക്കളഞ്ഞു.

ഇനി നിൻ്റെ കൂടെ ഞാൻ

എങ്ങോട്ടും വരില്ല.... സത്യം.



കണ്ണുകൾക്കു മുറുകേ തഴുതിട്ടാണ്

ഇന്നു ഞാൻ ഉറങ്ങാൻ കിടന്നത്.

എന്നാലും എനിക്കറിയാം

നീ വരും.

പൂട്ടിയ കണ്ണുകളിൽ

മുട്ടി വിളിക്കും

ഉറക്കം വന്ന്

ഓടാമ്പലൂരും

ഇമകൾക്കുള്ളിലൂടെ നീ

ഉള്ളിൽ കടക്കും

എന്നെ വിളിക്കും.

വാശിക്കമ്പളം വലിച്ചെറിഞ്ഞ്

ഞാനിന്നും

നിൻ്റെ കൂടെ വരും.

ആ  ഊഞ്ഞാലിൽ

വീണ്ടുമൊന്നിരിക്കാൻ..

മനസ്സിൻ്റെ നിലവറയിലെ

വാസനക്കുപ്പി  തട്ടിത്തുറന്നൊഴുകുന്ന

സുഗന്ധത്തെ കൂട്ടിരുത്തി

ഒന്നുകൂടിയാടാൻ..


ആയത്തിലായത്തിൽ

ഉഞ്ഞാലിലാടുമ്പോൾ

ഇന്നലെപ്പോലെ എന്നെ നീ

തള്ളിയിടരുത്.

ഓർമ്മ വരച്ച

അമ്മിഞ്ഞമണത്തിൻ റോസാപ്പൂക്കൾ

കണ്ണിൽ വിടർത്താൻ

ഇനി ഞാൻ കണ്ണിലെ 

കെട്ടഴിക്കില്ല.

സത്യം





ഒരിക്കൽ മാത്രം നനയേണ്ട പുഴ

ഒരിക്കൽ മാത്രം നനയേണ്ട 

ഒരു പുഴയുണ്ട്.

കാലൊന്നു നനച്ചു പോയാൽ

നിങ്ങളെ അത്

വഴുതി വീഴിക്കുമെന്നുറപ്പ്.

അടിയൊഴുക്കിൻ്റെ ആഴങ്ങളിലേക്ക് 

മുക്കിത്താഴ്ത്തുമെന്നും

ചുഴികൾ നിങ്ങളെ ചുഴറ്റുന്ന

കാന്തവലയങ്ങളാകുമെന്നും

നിങ്ങളെ മാത്രം കാത്തുകാത്തിരിക്കുന്ന

അത്യഗാധതകളിലേക്ക് 

വലിച്ചെടുക്കുമെന്നും ഉറപ്പ്. 

അയിരിൽ നിന്നു വേർതിരിയുന്ന

ലോഹമെന്ന പോലെ

നിങ്ങളിലെ നിങ്ങൾ 

ഉരുവാകുന്നതിൻ്റെ നൈർമ്മല്യത്തിൽ

ഒരു ഗർഭസ്തരം നിങ്ങളെ പൊതിയും.

പിന്നെയെല്ലാം ശാന്തം.

ചുറ്റുമുള്ള ജലമപ്പോൾ

സ്വച്ഛവും നിർമ്മലവുമാകും.

ആ ജലക്കണ്ണാടിക്ക്

നിങ്ങളുടെ കണ്ണുകളാണ്.

ലോകത്തേറ്റവും സുന്ദരൻ/സുന്ദരി 

നിങ്ങളെന്ന്,

സത്യം മാത്രം പറയും

ആ കണ്ണാടിക്കണ്ണുകൾ.



ഒരിക്കൽ നനഞ്ഞാൽ

കരകയറാനാവാത്ത,

ഒരു സൂര്യനും 

ബാഷ്പീകരിക്കാനാവാത്ത,

ഒരു തണുപ്പിനും

ഘനീഭവിപ്പിക്കാനാകാത്ത

ഒരു പുഴയുണ്ടെല്ലാവരിലും.

അതിൽ 

ഒരിക്കൽ പോലും 

നനയാത്തവരുമുണ്ട്.



Wednesday, 30 October 2024

തേടൽ

തേടിയിറങ്ങുമ്പോൾ
കണ്ടെടുക്കുമെന്ന കാതലുറപ്പുള്ള
ബോധിവൃക്ഷശാഖകൾ
ഏതോ അജ്ഞാതദ്വീപുകളിൽ നിന്ന്
മന്ത്രവിരൽ നീട്ടി വിളിച്ചിരുന്നു.
മൂടൽമഞ്ഞിൻ വിരിമറയ്ക്കുള്ളിലെ
പാതികൂമ്പിയ തളിരിലമിഴികൾ
ധ്യാനഭാവം പൂണ്ടിരുന്നു.
ധ്രുവച്ചിറകുകളിൽ പറന്നണഞ്ഞൊരു
മായാദീപ്തി
ദൂരത്തെ കൺകെട്ടി മയക്കിയിരുന്നു.

വാക്കിൻ വിള്ളൽപ്പിളർപ്പുകളിലൂടെ
നോക്കുകൾ കൂലംകുത്തിയൊഴുകുന്ന
കിഴുക്കാം തൂക്കാം ഗർത്തങ്ങളിലൂടെ
പക്ഷിച്ചിറകു മുറിക്കുന്ന
നിശ്വാസക്കൊടുങ്കാറ്റിലൂടെ
കാഴ്ചയെ കണ്ണുകെട്ടും തിരമാലകളിലൂടെ
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഹൃദയച്ചുവപ്പുള്ള
ആ മാന്ത്രികദ്വീപിൽ
നീയുണ്ടാകുമെന്ന

പ്രതീക്ഷയുടെ തോണി തുഴഞ്ഞ്

ഒഴുക്കിനെതിരെയുള്ള

ദുർഘടയാത്ര.


പാതിവഴിയിൽ
തുഴത്തണ്ടൊടിച്ച്
അഗാധതയിലേക്കെടുത്തെറിയുന്ന
ജലപാതം.

കുത്തൊഴുക്ക് തകർത്ത
പാറക്കെട്ടുകൾക്കൊപ്പം
മുങ്ങിമറഞ്ഞ മായാദ്വീപിൻ്റെ
ഓർമ്മബാക്കിയായി
ചുഴിയിൽ മറയുന്നു,
കുതിർന്നുമിഴിഞ്ഞ ഒരേകനേത്രം


പിന്നെ
ജലത്തോളേറിയ ദലം പോൽ
അയാസരഹിതമായി
ഒഴുക്കിനൊത്ത് അങ്ങിനെ...



ആഴങ്ങളിൽ നിന്ന്
മെല്ലെയുയർന്നു വന്ന
ഇരുകൈകൾ
തോണിയിൽ പിടുത്തമിട്ടത്‌
അപ്പോഴാണ്.
വലിച്ചുയർത്തി നോക്കുമ്പോഴുണ്ട്
ചിരിയിൽ
തടാകപ്പരപ്പുകളുടെ ശാന്തതയൊളിപ്പിച്ച
ഒരുവൾ

പ്രകാശപൂരിതമായ
പവിഴദ്വീപിൻ തീരങ്ങളിലൂടെ
ഞങ്ങളിപ്പോൾ
കരം കോർത്ത് നടക്കുന്നു.
ശരൽക്കാലവർണ്ണങ്ങൾ
പാവാട ചുറ്റിയ
തീരജലത്തിൽ
ഒരൊറ്റ പ്രതിച്ഛായ
ഞങ്ങൾക്കൊപ്പം
ചിരിച്ചു നീങ്ങുന്നു.


















Monday, 28 October 2024

പക്ഷികൾ വായിക്കപ്പെടുന്നത്‌...


തെളിഞ്ഞ ആകാശം

ചിറകു വിരിച്ചു പാറുന്നൊരു പറവയെ

സ്വാതന്ത്ര്യമെന്നു വായിക്കുമ്പോൾ,


കൺവാട്ടം പിടിച്ച്

അങ്ങുയരെ...

അങ്ങങ്ങുയരെ

അങ്ങ് മേഘങ്ങളോളം ഉയരെ

പറവപ്പൊട്ടിനെ കാണുന്ന

ഒരു കൂട്ടം നരുന്തുകൾ

പരുന്തെന്ന്,

ഇരയെ റാഞ്ചാൻ ചുറ്റുകയാവാമെന്ന്...

അല്ലല്ല.. പ്രാവെന്ന്,

ഇറച്ചി രുചികരമെന്ന്...

തത്തയെന്ന്,

കൂട്ടിലിട്ടു മെരുക്കാമെന്ന്...

മൈനയെന്ന്,

പാട്ടു പാടിക്കാമെന്ന്...

കുയിലെന്ന്,

മറുമൊഴി കൂകാമെന്ന്...

പഞ്ചവർണ്ണക്കിളിയെന്ന്,

ഇരുട്ടിലടയ്ക്കാമെന്ന്...

കൗശലം  കവണയിൽ

കല്ലു  പായിക്കുന്നു.


ഭൂമിയെ സൗന്ദര്യമെന്നു വായിക്കുന്ന 

പറവക്കണ്ണുകളോ,

അങ്ങു താഴെ...

അങ്ങങ്ങു താഴെ....

അങ്ങു പാതാളത്തോളം താഴെ...

ചെറുമനുഷ്യരെ കാണുന്നു. 

അവരുടെ കല്ലുകളി കാണുന്നു. 


പേരറിയാപ്പക്ഷിയപ്പോൾ

ദിക്കുകൾ നിറയുന്ന  ചിറകുകൾ വീശി,

മേഘങ്ങളെ പറപ്പിച്ച്

അങ്ങകലെ..

അങ്ങങ്ങകലെ...

അങ്ങ് ചക്രവാളങ്ങളോളം അകലെ.

സുവർണ്ണവെളിച്ചം നെറ്റിയിലണിഞ്ഞ

ഒറ്റനക്ഷത്രം ലക്ഷ്യമാക്കി

പറന്നുപോകുന്നു.